കൽപ്പറ്റ:
സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ–ബോധവല്ക്കരണ പരിപാടികൾ ജില്ലയിൽ സജീവം. എട്ടുവരെയാണ് വിവിധ പരിപാടികൾ. ആദ്യഘട്ടമായി ജില്ലയിലെങ്ങും പോസ്‌റ്റർ പ്രചാരണം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബ്രാഞ്ച് പരിധികളിൽ നാലും അഞ്ചും സ്‌ക്വാഡുകൾ വീടുകൾ കയറി അതിക്രമങ്ങൾക്കെതിരെ ബോധവല്ക്കരണം സംഘടിപ്പിച്ചു.
തിങ്കളാഴ്‌ച വീടുകളിൽ വീട്ടുമുറ്റസദസ്സ് സംഘടിപ്പിക്കും. കുടുംബാംഗങ്ങൾ പ്രതിഷേധത്തിൻറെ പ്ലക്കാർഡുകളേന്തി വീട്ടുമുറ്റങ്ങളിൽ അണിനിരക്കും. ഏഴിന് ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും എക്‌സിബിഷൻ സംഘടിപ്പിക്കും. സ്‌ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെയും ബോധവൽക്കരണത്തിന്റെയും പോസ്‌റ്ററുകളുടെയും മറ്റും പ്രദർശനവുമാണ് എക്‌സിബിഷനിലുണ്ടാവുക.
എട്ടിന് ലോക്കൽ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂട്ടായ്‌മകൾ സംഘടിപ്പിക്കും. സാമൂഹിക–സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും കൂട്ടായ്‌മകളിൽ പങ്കെടുക്കും.സിപിഐ എം ഈസ്‌റ്റ് ബത്തേരി ലോക്കൽ കമ്മിറ്റി എട്ടിന് രാത്രി എട്ടിന് ‘സ്‌ത്രീ തന്നെയാണ് ധനം, സ്‌ത്രീപക്ഷ കേരളം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം പങ്കെടുക്കും. മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലും വ്യത്യസ്‌തങ്ങളായ പരിപാടികൾ ജില്ലയിലെങ്ങും സംഘടിപ്പിക്കുന്നുണ്ട്.