Sat. Apr 20th, 2024
വെച്ചൂച്ചിറ:

അടുത്ത വരൾച്ചക്കാലത്തിനു മുൻപ് ജലപദ്ധതിയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. വേനൽക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് കുറയുന്നത് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാലാണിത്. പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ ശുദ്ധീകരിച്ച് കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ, പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ എന്നീ സംഭരണികളിൽ എത്തിച്ച് വിതരണം നടത്തുന്നതാണ് വെച്ചൂച്ചിറ ജലപദ്ധതി.

കാൽ നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ച പദ്ധതിയാണിത്. ഇതിനെ ആശ്രയിച്ചാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. പദ്ധതി സ്ഥാപിക്കുമ്പോൾ പമ്പാനദി ജലസമൃദ്ധമായിരുന്നു. പമ്പിങ്ങിന് ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നു.

പെരുന്തേനരുവിക്ക് താഴെയും മുകളിലുമായി നടന്ന അനിയന്ത്രിതമായ മണൽ വാരലാണ് പദ്ധതിയുടെ പ്രവർത്തനത്തിന് വില്ലനായത്. മണൽ വാരി ആറിന്റെ അടിത്തട്ട് വൻതോതിൽ താഴ്ന്നു. ഇതോടെ വേനൽക്കാലത്ത് പമ്പിങ്ങിന് ആവശ്യത്തിന് വെള്ളം കിട്ടാതായി.

അരുവിയിലെ പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് വരൾച്ചക്കാലത്ത് പദ്ധതിക്ക് പ്രയോജനപ്പെടുത്തുന്നത്. ആറ്റിൽ നിന്ന് പൈപ്പിലൂടെ നേരിട്ട് കിണറ്റിൽ വെള്ളം എത്തിക്കുകയാണ്.

By Divya