ഇട്ടിയപ്പാറ:
മത്സ്യ ഫെഡിനായി നിർമിച്ച കെട്ടിടത്തിനു നമ്പരിട്ടു കൊടുക്കാത്ത പഴവങ്ങാടി പഞ്ചായത്തിന്റെ നടപടി വിവാദത്തിൽ. മത്സ്യ വിൽപനയ്ക്കായി കെട്ടിടം നിർമിക്കുന്നതിന് അനുമതി തേടി കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മത്സ്യ ഫെഡ് പഞ്ചായത്തിനെ സമീപിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി വിഷയം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യുകയും കോളജ് റോഡിൽ ഓട്ടോ സ്റ്റാൻഡിനു സമീപത്തെ സ്ഥലം കെട്ടിട നിർമാണത്തിനു വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
മത്സ്യ ഫെഡ് നൽകിയ രൂപരേഖ പ്രകാരം എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗമാണ് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത്. പണി പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടു. ശീതീകരിച്ച സ്റ്റാൾ തുറക്കണമെങ്കിൽ വൈദ്യുതി കണക്‌ഷൻ ലഭിക്കണം. പഞ്ചായത്ത് കെട്ടിടത്തിന് നമ്പരിട്ടു കൊടുക്കാതെ കണക്‌ഷൻ കിട്ടില്ല.
ഇതിന് പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റോഡിൽ നിന്ന് ദൂരപരിധി പാലിച്ചല്ല കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം നമ്പരിടുന്നതിന് തടയിട്ടത്. പഞ്ചായത്ത് ഓഫിസിന് വിളിപ്പാടകലെയാണ് കെട്ടിടം പണിതത്. നിർമാണ സമയത്ത് ബന്ധപ്പെട്ടവർ ഇക്കാര്യം കാണാത്തതെന്താണെന്ന ചോദ്യവും ഉയരുന്നു.