Thu. Apr 25th, 2024

വടകര:

തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കൊവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 12–ാം വാർഡിലെ സ്ത്രീയുടെ സ്രവ പരിശോധന ഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് വൈറസ് വകഭേദം വ്യക്തമായത്. 50 ദിവസം മുൻപാണു സ്ത്രീ മരിച്ചത്.

വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു തന്നെ മരിച്ചു. തുടർന്നാണു സ്രവ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചത്. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

ഐസിഎംആർ പുറപ്പെടുവിച്ച മാർഗനിർദ്ദേശം പൂർണമായും പാലിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളായിരിക്കും പഞ്ചായത്തിൽ നടപ്പിലാക്കുക. മെഡിക്കൽ കോളജിലെ മൊബൈൽ യൂണിറ്റിൻറെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തിരുവള്ളൂർ പഞ്ചായത്ത് അധികാരികളും  ആരോഗ്യപ്രവർത്തകരും  ആവശ്യമായ സഹായങ്ങൾ നൽകി. 

ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്തിൽ ജാഗ്രത വർദ്ധിപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അറിയിച്ചു. വാർഡിൽ ആർആർടി യോഗം വിളിച്ചു ചേർക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുമുണ്ടായി.