Sun. Dec 22nd, 2024
കോന്നി:

സാംക്രമിക രോഗബാധ ഉണ്ടാകുന്നവർക്ക് മികച്ച ചികിത്സസൗകര്യം ഉറപ്പുവരുത്താൻ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന്​ സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുമെന്ന് അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത്.

ഇതിനായി 4.25 കോടി രൂപയാണ് ചെലവഴിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് ഇതിനായി തുക മാറ്റിവെച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയ്ക്ക് 1.25 കോടി, ഏനാദിമംഗലം സി എച്ച് സിക്ക്​ 1.25 കോടി, പ്രമാടം പി എച്ച് സിക്ക്​ 1.75 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്.

കോന്നി താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള കെട്ടിടത്തിലും ഏനാദിമംഗലത്ത് നബാർഡ് ഫണ്ടിൽനിന്നും നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലും പ്രമാടത്ത് പുതിയ കെട്ടിടം നിർമിച്ചുമാണ് വാർഡ് സജ്ജമാക്കുന്നത്. ഒരോ ആശുപത്രിയിലും 10 കിടക്കകൾ വീതമുള്ള വാർഡുകളാണ് ക്രമീകരിക്കുന്നത്. എല്ലാ കിടക്കകളിലും കേന്ദ്രീകൃത ഓക്സിജൻ ലൈൻ വഴി ഓക്സിജൻ നൽകാനുള്ള സൗകര്യമുണ്ടായിരിക്കും.

വാർഡുകളിൽ നഴ്സിങ്​ സ്​റ്റേഷനും രോഗികൾക്ക് ടോയ്​ലറ്റ്​ സൗകര്യവും ഏർപ്പെടുത്തും. കോന്നി താലൂക്ക് ആശുപത്രിയിലെ വാർഡിൽ വൻെറിലേറ്റർ സൗകര്യവും ഏർപ്പെടുത്തും. വാർഡുകളിൽ ആവശ്യമായ ബയോമെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറും ഈ ​ പ്രോജക്ടിൽനിന്നുതന്നെ ലഭ്യമാക്കും.

വാർഡിലേക്കും പുറത്തേക്കുള്ള വായുസഞ്ചാരം എയർ ഹാൻറ്​ലിങ്​ യൂനിറ്റ് വഴിയായിരിക്കും. ഇതിനാൽ പൂർണമായും അണുവിമുക്തമായ വായുവാകും വാർഡിൽ ലഭിക്കുക. ആരോഗ്യ വകുപ്പ് നേരിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. കോവിഡ്19 ​ൻെറ മൂന്നാംതരംഗം ഉണ്ടായാൽ നേരിടാനും മറ്റ് സാംക്രമിക രോഗവ്യാപനം തടയാനും ഐസൊലേഷൻ വാർഡ് സഹായകമാകും.

കെട്ടിടനിർമാണം ആവശ്യമില്ലാത്ത ആശുപത്രികളിൽ മൂന്നുമാസത്തിനുള്ളിലും കെട്ടിടം നിർമിക്കേണ്ടിടത്ത് ആറുമാസത്തിനുള്ളിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കുമെന്ന് എം എൽ എ പറഞ്ഞു. മൂന്ന് ഐസൊലേഷൻ വാർഡുകളിലായി 30 കിടക്കകൾ ലഭ്യമാകും.

By Divya