ചെങ്ങളം:
കൃഷി ചെയ്യാതെ കിടക്കുന്ന പാടത്ത് കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിയെത്തുന്നത് സമീപത്തെ വീടുകളിലേക്ക്. വെള്ളം ഉയരുമ്പോൾ മാലിന്യം വീടിനുള്ളിൽവരെ എത്തുകയാണ്.
കൊതുക്‌ശല്യവും ഇഴജന്തുക്കളുടെ ഉപദ്രവവും വേറെ. ചെങ്ങളം പതുക്കാട് അമ്പത് പാടശേഖരമാണ് മാലിന്യംനിറഞ്ഞ് കാട് പിടിച്ച് പകർച്ചവ്യാധി രോഗഭീതിയിലുള്ളത്.
ഇതിന്റെ എതിർവശത്തുള്ള പാടത്ത് കൃഷിയുണ്ടെങ്കിലും ഇവിടെ മാത്രം കാലങ്ങളായി കൃഷിയില്ല.
കൃഷിചെയ്യാൻ തയ്യാറായി ആളുകൾ ഉണ്ടെങ്കിലും സ്ഥല ഉടമ സമ്മതിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൃഷിക്കായി എം ആർ മനോജ് ചെയർമാനും കെ എ ലത്തീഫ് സെക്രട്ടറിയുമായി സമിതി രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ കൃഷിയിറക്കാനുള്ള എല്ലാ സാ ഹചര്യവും ഒരുക്കിയിട്ടും ഉടമ സമ്മതിച്ചില്ല.
തിരുവാർപ്പ് പഞ്ചായത്തിന്റെ പതിനെട്ടാം വാർഡായ ഇവിടെ പഞ്ചായത്തംഗം സി ടി രാജേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽനിന്ന് കൃഷി ചെയ്യാനുള്ള സംവിധാനം ഒരുക്കിയതുമാണ്. അഞ്ചര ഏക്കറോളമാണ് പാടം. ഈ പാടത്തിനോട് ചേർന്ന് ഏഴുപതോളം കുടുംബങ്ങൾ വസിക്കുന്നുണ്ട്. പാടത്തിനോടു ചേർന്നുള്ള കടകളിലെ കോഴി വേസ്‌റ്റടക്കമാണ് വെള്ളം പൊങ്ങുമ്പോൾ സമീപ വീടുകളിലേക്ക് ഒഴുകിവരുന്നത്.
പാടം കൃഷിയോഗ്യമാക്കിയാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മണിക്കൂർ അടിപ്പിച്ച് മഴ പെയ്‌താൽ ഇവിടുത്തെ വീടുകളിൽ വെള്ളം കയറും. ‘‘വീട്ടുമുറ്റത്ത് ഇപ്പോഴും വെള്ളം കെട്ടികിടക്കുകയാണ്. എല്ലാ ഫർണിച്ചറുകളും ഇഷ്‌ടികയുടെ മുളകിൽ ഉയർത്തി വച്ചിരിക്കുകയാണ്. എപ്പോഴാണ് വെള്ളം വരുന്നതെന്ന് അറിയില്ല’’ –- പ്രദേശവാസിയായ മനോജ് പറഞ്ഞു.
കൃഷിയുള്ള പാടത്തേക്ക് മലിനജലം വെള്ളം ഒലിച്ചിറങ്ങാതിരിക്കാനായി റോഡിനോട് ചേർന്ന് മണ്ണ് ചാക്കിൽ നിറച്ച് ബണ്ട് ഇടുന്നതും ഇവർക്ക് ദുരിതമാണ്. എന്നാൽ കൃഷിക്ക് അനിവാര്യതയുമാണ് ഈ ബണ്ടുകൾ. സർക്കാരും ജില്ലാ ഭരണകേന്ദ്രത്തിന്റെ ഇടപെടലും ഉണ്ടായാൽ മാത്രമേ പാടം കൃഷി യോഗ്യമാക്കാൻ സാധിക്കൂ. ഇതിന് ജില്ലാ ഭരണനേതൃത്വം മുൻകൈ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.