Mon. Dec 23rd, 2024
ആയൂര്‍:

മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷങ്ങൾ മുടക്കി ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയൂർ – അഞ്ചൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമില്ല; ക്യാമറയ്ക്കു മുന്നിൽപോലും മാലിന്യം തള്ളൽ തുടരുന്നു. ഇവരെ കണ്ടെത്താൻ പഞ്ചായത്തിനോ, പൊലീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ലക്ഷങ്ങൾ മുടക്കി എന്തിനാണു ക്യാമറകൾ സ്ഥാപിച്ചതെന്നാണു നാട്ടുകാരുടെ ചോദ്യം. ഇവ പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പോലും പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. ആയൂർ – അഞ്ചൽ റോഡിൽ ഇറച്ചി അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതു വർധിച്ചതോടെയാണു കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ മൂന്ന് ലക്ഷം രൂപ മുടക്കി കൈപ്പള്ളിമുക്ക്, പെരിങ്ങള്ളൂർ കല്ലിടുക്ക്, കോട്ടുക്കൽ റോഡിൽ ആനപ്പുഴയ്ക്കൽ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.

എന്നാൽ ക്യാമറകൾ സ്ഥാപിച്ചിട്ടും മാലിന്യംതള്ളലിനു കുറവുണ്ടായില്ല. കൈപ്പള്ളി ജംക്‌ഷൻ മുതൽ കാട്ടുവമുക്ക് വരെയുള്ള ഭാഗത്ത് ഇപ്പോഴും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യങ്ങൾ വൻതോതിലാണു തള്ളുന്നത്. മാലിന്യങ്ങൾ കൊത്തിവലിച്ചു കാക്കകളും തെരുവുനായ്ക്കളും റോഡിലേക്ക് ഇടുകയും ഇവയ്ക്കു മുകളിൽ വാഹനങ്ങൾ കയറി റോഡിൽ നിരക്കുകയും ചെയ്യുന്നു.

റോഡിന്റെ മൂന്നു കിലോമീറ്ററോളം ഭാഗത്തു കൂടി യാത്രക്കാർക്കു മൂക്കു പൊത്തി മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. പെരിങ്ങള്ളൂർ കല്ലിടുക്കു ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിൽ അ‍ജ്ഞാത വാഹനം ഇടിച്ചിരുന്നു. എന്നാൽ വാഹനം ഏതാണെന്നു കണ്ടെത്താൻ പോലും കഴിഞ്ഞില്ല. ഇടിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നോ എന്നു പരിശോധിക്കാൻ പഞ്ചായത്ത് അധികൃതരും ശ്രമിച്ചില്ല.

കൈപ്പള്ളിയിലെ ഐസ്പ്ലാന്റിനു സമീപത്തെ ഇടറോഡിൽ ക്യാമറയ്ക്കു സമീപത്തായി ശുചിമുറി മാലിന്യം തള്ളിയിട്ടും വാഹനം കണ്ടെത്തുന്നതിനു നടപടി ഉണ്ടായില്ല.

By Divya