Mon. Dec 23rd, 2024

മാവേലിക്കര:

മോഷ്ടിക്കപ്പെട്ട സ്മാർട്ഫോൺ തിരികെക്കിട്ടിയപ്പോൾ ജെറോമിനും ജോയലിനും സന്തോഷം. ആ സന്തോഷത്തിനു കാരണം ഒരമ്മയുടെ മാതൃകാപരമായ ഇടപെടലാണ് ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച അമ്മ. ഭിന്നശേഷിക്കാരനായ തഴക്കര കൊച്ചുവീട്ടിൽ കെടി വർഗീസിന്റെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥി ജെറോം, ഒൻപതിൽ പഠിക്കുന്ന ജോയൽ എന്നിവരുടെ ഫോൺ ശനിയാഴ്ചയാണു മോഷണം പോയത്.

വീടിനോടു ചേർന്നു വർഗീസ് നടത്തുന്ന ചായക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയാണു ഫോൺ കവർന്നത്. ഓൺലൈൻ പഠനത്തിനു നിവൃത്തിയില്ലാതെ വിഷമിച്ച കുട്ടികൾക്ക് എംഎൽഎ ഇടപെട്ടു നൽകിയതായിരുന്നു ഫോൺ. മോഷ്ടാവിന്റെ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു.

അതു തന്റെ മകനാണെന്നു തിരിച്ചറിഞ്ഞ പള്ളിപ്പാട് സ്വദേശിനി, പ്ലസ് വൺ വിദ്യാർത്ഥിയായ മകനുമൊത്തു മാവേലിക്കര സ്റ്റേഷനിലെത്തുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെയും ചോദ്യം ചെയ്തെങ്കിലും ഇയാൾക്കു മോഷണത്തിൽ പങ്കില്ലെന്നു ബോധ്യപ്പെട്ട് വിട്ടയച്ചു. പ്ലസ് വൺ വിദ്യാർത്ഥി ആവശ്യപ്പെട്ടതനുസരിച്ച് കറ്റാനത്തു കൊണ്ടുവിടാനാണ് ബൈക്കിന്റെ ഉടമയായ യുവാവ് ഒപ്പമെത്തിയത്.

ബൈക്ക് ഓടിച്ചതു വിദ്യാർത്ഥിതന്നെയാണ്. തഴക്കരയിൽ എത്തിയപ്പോൾ ബൈക്കിന്റെ ഉടമയെ റോഡരികിൽ ഇറക്കി, ഉടൻ വരാമെന്നു പറഞ്ഞു പോയി. തുടർന്നു കടയിലെത്തി ഫോൺ കവർന്നു.

തിരികെയെത്തി ഉടമയെ കയറ്റി ബൈക്കിൽ കറ്റാനത്തേക്കു പോവുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ കേസെടുത്ത പൊലീസ് അമ്മയ്ക്കൊപ്പം വിട്ടു. പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽനിന്നു പണം മോഷ്ടിച്ചതിനു മുൻപു ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്.

കൗൺസലിങ്ങിനു വിധേയനാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ടു വർഗീസിന്റെ വീട്ടിലെത്തിയ സിഐ സി ശ്രീജിത്, ജെറോമിനും ജോയലിനും ഫോൺ തിരികെ നൽകി ഒപ്പം മധുരവും. എസ്ഐ പിഎസ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ് സുധീഷ്, പ്രതാപചന്ദ്ര മേനോൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിവി ഗിരീഷ് ലാൽ, കെ അൽ അമീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

മക്കളുടെ പഠനത്തിനു സ്മാർട്ഫോൺ ഇല്ലെന്ന കാര്യം കഴിഞ്ഞയാഴ്ചയാണ് വർഗീസ് എംഎസ് അരുൺ കുമാർ എംഎൽഎയെ അറിയിച്ചത്. പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ ഇടപെടലിൽ മെഡിവിഷൻ ലബോറട്ടറി ഉടമ നൽകിയ ഫോൺ കഴിഞ്ഞ 29ന് എംഎൽഎ വീട്ടിലെത്തി കൈമാറുകയായിരുന്നു.

By Rathi N