Wed. Jan 22nd, 2025
വിതുര:

അക്ഷരസേന പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട് ഒന്നടങ്കം വാക്സിൻ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകരാണ്‌ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.
ഒന്നാംഘട്ട വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ പുളിച്ചാമല, നാഗര, പ്ലാന്തോട്ടം, പരപ്പാറ പ്രദേശങ്ങളില്‍ വിജയകരമായി നടപ്പാക്കി.

നവമാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ വിവരശേഖരണം നടത്തിയായിരുന്നു പ്രവർത്തനം. കോവിഡ് സൈറ്റ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് നല്‍കുകയും ആ വ്യക്തികള്‍ യഥാസമയം വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പാക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വാക്സിനെടുത്തവരുടെ കുടുംബാംഗങ്ങളെയും വാക്സിനെടുക്കാന്‍ സഹായിച്ചു.

അവസാനഘട്ടത്തില്‍ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ബാക്കിയുള്ളവർക്കുള്ള വാക്സിനേഷന്‍ നടപടികൾ പൂര്‍ത്തിയാക്കി.

By Divya