Sun. Dec 22nd, 2024

ചാലക്കുടി:
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനെടുക്കാനെത്തിയവർ നഗരസഭയുടെ അനാസ്ഥയെ തുടർന്ന് ദുരിതത്തിലായി. ആശുപത്രിയിലും പുറത്തും വാക്‌സിനെടുക്കാനെത്തിയവരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ വർധിച്ചതിനെ തുടർന്ന്‌ ഗേറ്റ് അടച്ചുപൂട്ടിയതോടെ പുറത്തുള്ളവർ തടിച്ചുകൂടി.

തിക്കിലുംതിരക്കിലുംപെട്ട്പലരുംവീഴുകയുംചെയ്തു.വാക്‌സിനെടുക്കാനെത്തിയവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ച് കൂടിയത് ആശങ്കയുണർത്തി. നഗരസഭയുടെ അശാസ്ത്രീയ ക്രമീകരണവും നിരുത്തരവാദിത്തവുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ആരോപണം.

36 വാർഡുകളിലുള്ളവർക്ക്‌ രണ്ടാം വാക്‌സിൻ നൽകാൻ 1000 ടോക്കനാണ് നഗരസഭ വിതരണം ചെയ്തത്. ഇതോടെ ആയിരത്തോളംപേർ ഒരുമിച്ച്‌ എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. വാർഡുകൾ വിഭജിച്ച് നാലോ അഞ്ചോകേന്ദ്രങ്ങളിലായി വാക്‌സിൻ നൽകിയിരുന്നെങ്കിൽ തിരക്ക് ഒഴിവാക്കാമായിരുന്നു.

ടൗൺഹാൾ, ഇൻഡോർ സ്റ്റേഡിയം, പാർക്ക്, കമ്യൂണിറ്റി ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളാരംഭിച്ച് തിരക്ക് ഒഴിവാക്കാനും നഗരസഭയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല.ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിൻ നൽകണമെന്ന ആവശ്യവും പരിഗണിക്കാതെ മുഴുവൻ ടോക്കണുകളും താലൂക്ക് ആശുപത്രിയിലേക്ക് നൽകുകയാണ്‌ നഗരസഭാ അധികൃതർ ചെയ്‌തത്‌.

By Rathi N