Tue. Apr 23rd, 2024

കണ്ണൂര്‍:

കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. സുമനസുകളുടെ സഹായം തേടുകയാണ്  മാട്ടൂലിലെ മുഹമ്മദിന്‍റെ കുടുംബം.

ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിക്കുകയാണ് കഴിഞ്ഞ പതിനാലുവര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന അഫ്ര. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിക്കുന്നത്.

ഒന്ന് പിച്ചവെക്കാനായതേയുള്ളൂ പക്ഷേ നടക്കാന്‍ ശ്രമിച്ചാല്‍ ദേഹം പൊടിഞ്ഞുപോകുന്ന വേദനയിൽ മുഹമ്മദ് അലറിക്കരയും.  ചോക്ലേറ്റ് കയ്യിൽ കൊടുത്ത് അവനെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാനേ പിതാവ് റഫീഖിന് സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന  സ്പൈനൽ മസ്കുലർ അട്രോഫി രോഗം ആദ്യമായല്ല ഈ കുടുംബത്തെ നിസ്സഹാരാക്കുന്നത്.  

റഫീഖിന്‍റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിയിൽ  കഴിയുന്ന  അഫ്രയുടെ ഇപ്പോഴത്തെ ആധിയത്രയും കുഞ്ഞനിയനെ ഓർത്താണ്.