Wed. Jan 22nd, 2025
വർക്കല:

പാപനാശം ഉൾപ്പെടെയുള്ള തീരത്ത് നിലവിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ മാത്രം. അഞ്ചു കിലോമീറ്ററിലധികം തീര ദൂരപരിധിയിൽ ചില ദിവസങ്ങളിൽ ഒരാൾ മാത്രം ചുമതല വഹിക്കുന്ന സാഹചര്യവുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് വിദേശ വനിതകളെ അപമാനിക്കാൻ ശ്രമിച്ച സംഭവം പുറംലോകം അറിയാതെ പോയതും ഇക്കാരണത്താലാണ്.

കോവിഡ് വ്യാപനത്തെത്തുടർന്നു പൊലീസുകാരുടെ എണ്ണം പാപനാശത്ത് പരിമിതപ്പെടുത്തിയതിനാൽ മറ്റു സ്ഥലങ്ങളിലും സുരക്ഷാവീഴ്ച സംഭവിച്ചെന്നാണു വിലയിരുത്തൽ. ആലിയിറക്കം, പാപനാശം, ഹെലിപ്പാട്, തിരുവമ്പാടി, ഓടയം വരെ നീളുന്നതാണ് ടൂറിസ്റ്റ് മേഖല. തീരത്ത് വിവിധ സ്ഥലങ്ങളിലായി ആകെ 12 പൊലീസുകാരെങ്കിലും ഒരേ സമയം ചുമതലകൾ വഹിക്കേണ്ട സ്ഥാനത്താണ് ഒന്നോ രണ്ടോ പേർ മാത്രമായി ചുരുക്കിയത്.

ഇവിടങ്ങളിൽ തങ്ങുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയും കണക്കിലെടുത്തില്ല. കടൽത്തീരവും കുന്നും അതിനു മുകളിൽ റിസോർട്ടുകളുമാണ്. അനുബന്ധമായി നിരവധി ചെറിയ ഇടവഴികളുമുണ്ട്. നൂറോളം വിദേശികൾ തങ്ങുന്ന മേഖലയിൽ ഇവർ പതിവു പോലെ നടക്കാനും ഭക്ഷണം കഴിക്കാനും പുറത്തിറങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസം പരാതിയുമായി വന്ന വിദേശ വനികൾക്കൊപ്പം താമസിക്കുന്ന മുംബൈ സ്വദേശിനി ഒരു മാസം മുൻപ് തന്നെയും ഒരു യുവാവ് അപമാനിക്കാൻ ശ്രമിച്ച ദുരനുഭവം പങ്കിട്ടിരുന്നു. മറ്റു പല വനിതകൾക്കും ഇതേ അനുഭവം നേരിട്ടതാണെന്നു വ്യക്തമായതോടെ കോവിഡ് കാലത്തും സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം സജീവമായിരുന്നുവെന്നും വെളിവായി.

കോവി‍ഡ് സാഹചര്യത്തിലാണ് പൊലീസുകാരുടെ എണ്ണം കുറഞ്ഞതെന്നും ഉൾപ്രദേശങ്ങളിൽ രാത്രി പൊലീസ് ബൈക്ക് പട്രോളിങ് ശക്തമാക്കുമെന്നും വി.ജോയി എംഎൽഎ പറഞ്ഞു.

By Divya