കൊല്ലം:
കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ. പഴയാറ്റിൻകുഴി, തട്ടാമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഓട വഴിയാണ് വെള്ളം വയലിൽ എത്തുന്നത്.
വയൽ പ്രദേശം നികത്തി വീടുകൾ െവച്ചതോടെ വെള്ളം ഒഴുക്ക് നിലച്ചതാണ് കെട്ടിക്കിടക്കാൻ കാരണം. മുമ്പ് തൂമ്പാറ്റ് തോട് വഴി അയത്തിൽ തോട്ടിൽ വെള്ളം ചേർന്നിരുന്നത് തടസ്സപ്പെട്ട നിലയിലാണ്. കെട്ടിക്കിടക്കുന്ന വെള്ളവും സമീപവീടുകളിലെ മലിനജലവും കൂടി ചേരുന്നതോടെ കൊതുക് കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആക്ഷേപമുയരുന്നു.
സമീപവാസികൾ പലതവണ കോർപറേഷൻ അധികാരികളെ ഉൾപ്പെടെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധി ഭീഷണി നിലനിൽക്കവേ പ്രദേശവാസികൾ രോഗഭീതിയിലാണ്. അടിയന്തരമായി മലിനജലം കെട്ടിനിൽക്കുന്നതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.