പൂന്തുറ:
മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ സിവില്‍ സപ്ലൈസ് നല്‍കിവരുന്ന മണ്ണെണ വിതരണത്തിൻ്റെ താളംതെറ്റി. ഇതോടെ ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തതു കാരണം വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇതോടെ മണ്ണെണ്ണ ക്ഷാമം മുതലാക്കി കരിഞ്ചന്തക്കാര്‍ മൂന്നിരട്ടി വിലയീടാക്കുന്നതായും പരാതിയുണ്ട്.
9.9 കുതിരശക്തിയുള്ള എൻജിന് 128 ഉം 25 എൻജിന് 180 ലിറ്ററുമാണ് പെര്‍മിറ്റുള്ള ഒരു വള്ളത്തിന് നല്‍കിയിരുന്നത്. ഇപ്പോഴത് 77ഉം 108ഉം ലിറ്ററായി കുറഞ്ഞു. ഒരു ലിറ്ററിന് 41 രൂപയാണ് പെര്‍മിറ്റ് നിരക്ക്.
പതിനായിരത്തിലേറെ മത്സ്യത്തൊഴിലാളികളുള്ള തിരുവനന്തപുരം ജില്ലയില്‍ മണ്ണെണ്ണ ലഭിക്കുന്ന പമ്പുകളുള്ളത് വിഴിഞ്ഞത്തും മര്യനാടും മാത്രമാണ്. മണ്ണെണ്ണയുടെ വില ഉയരുന്നതിനൊപ്പം സബ്സിഡി നിരക്ക് ഉയര്‍ത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യംപോലും പരിഗണിക്കാതെയാണ് നല്‍കിയിരുന്ന സബ്സിഡിപോലും നിര്‍ത്തലാക്കിയിരിക്കുന്നത്.
നിലവില്‍ ലഭിക്കുന്ന മണ്ണണ്ണ ഒരുദിവസത്തേക്കുള്ള ഉപയോഗത്തിനുപോലും തികയാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.കേന്ദ്രത്തില്‍നിന്ന് ആവശ്യത്തിന് മണ്ണെണ്ണ കിട്ടാത്തതാണ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുന്നത്. സംസ്ഥാനത്ത് ട്രോളിങ് ആരംഭിക്കുന്ന ജൂണ്‍ മാസം മുതല്‍ തലസ്ഥാന ജില്ലയുടെ തീരങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലമാണ്.
എന്നാല്‍, ഇത്തവണത്തെ മണ്ണെണ്ണ കൃത്യമായി കിട്ടാത്തതിനാൽ ചാകരക്കാലം വറുതിക്കാലമാകുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ഉള്‍ക്കടലിലേക്കും അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്കും വലിഞ്ഞതോടെ മത്സ്യം തേടി ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നത് മണ്ണെണ്ണയുടെ ആവശ്യം ഇരട്ടിയിലധികമാക്കുന്നു.