പാലക്കാട്:
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര കിടത്തിച്ചികിത്സയ്‌ക്ക് വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്.
ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതോടെ ഇതര രോഗികൾക്കുള്ള ഒപി വിഭാഗമാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. ഇതിനുപുറമെയാണ് കിടത്തിച്ചികിത്സയും ആരംഭിച്ചത്. ഫിസിക്കൽ മെഡിസിൻ, ജനറൽ മെഡിസിൻ, എല്ലുരോഗ വിഭാഗം, മൂത്രാശയ രോഗ വിഭാഗം, ഇഎൻടി തുടങ്ങിയ ഒപികളിലെത്തുന്ന രോഗികളിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെയും ഗുരുതരാവസ്ഥയിൽ അല്ലാത്തവരെയാണ് മെയിൻ ബ്ലോക്കിൽ പ്രവേശിപ്പിക്കുക.
330 കോടി രൂപയാണ് ഒപി വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പെടുന്ന 500 കിടക്കകളുള്ള ആശുപത്രി ബ്ലോക്കിനായി സർക്കാർ അനുവദിച്ചത്. കിടപ്പുരോഗികൾക്ക് ഭക്ഷണം എത്തിക്കാൻ കുടുംബശ്രീയുമായി ധാരണയായിട്ടുണ്ട്. ഹോസ്പിറ്റൽ ബ്ലോക്ക് പ്രവർത്തന സജ്ജമാകുന്നതുവരെ താൽക്കാലിക സജ്ജീകരണമെന്ന നിലയിലാണ് മെയിൻ ബ്ലോക്കിൽ കിടത്തിച്ചികിത്സ ആരംഭിച്ചത്. ഒപി ബ്ലോക്കിലേക്കുള്ള ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു.