Fri. Nov 22nd, 2024

വടക്കഞ്ചേരി:

വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ നിർമാണ പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ അതിവേഗം മുന്നോട്ട്‌. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഒരെണ്ണം നിശ്ചയിച്ച ദിവസംതന്നെ തുറക്കാനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്‌. തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കം ആഗസ്‌ത്‌ ഒന്നിന് തുറക്കാനാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമുണ്ടായത്‌.

പ്രവൃത്തി വിലയിരുത്താൻ തൃശൂർ ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കഴിഞ്ഞ മാസം ആറിന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, പ്രൊഫ. ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുതിരാനിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

നിർമാണം ആരംഭിച്ച് അഞ്ചു വർഷം പിന്നിട്ടിട്ടും വീഴ്ചവരുത്തുന്ന കരാർ കമ്പനിയോട് സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ സർക്കാർ നിർദേശിച്ചു.
ഇതിനുശേഷം നിർമാണത്തിന്‌ വേഗതവന്നു. തുറക്കാനുദ്ദേശിക്കുന്ന ഇടതു തുരങ്കത്തിന്റെ ഉൾഭാഗത്തെ പണി 90 ശതമാനം പൂർത്തിയായി.

തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ ബെഞ്ച്കട്ടിങ്‌ നടത്തി ഇരുമ്പുവല ഘടിപ്പിച്ചതിനുശേഷം സിമന്റ്‌ മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന ജോലിയാണ്‌ പ്രധാനമായും നടക്കുന്നത്. തുരങ്കം അവസാനിക്കുന്നയിടത്തെ വൻ പാറക്കെട്ടുകളും മണ്ണും നീക്കം ചെയ്യുന്നുണ്ട്‌. തുരങ്കത്തിനു മുന്നിലെ കൺട്രോൾ റൂമിന്റെയും ജനറേറ്റർ റൂമിന്റെയും നിർമാണം പൂർത്തിയാകാറായി.

2016 മെയ് 13ന് ആരംഭിച്ച തുരങ്കനിർമാണം ഇഴഞ്ഞുനീങ്ങുമ്പോൾ ദേശീയപാതാ അതോറിറ്റിയും കേന്ദ്ര സർക്കാരും കരാർ കമ്പനിയായ കെഎംസിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഒന്നാം പിണറായി സർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന്‌ മന്ത്രി ജി സുധാകരൻ കുതിരാനിലെത്തി നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശവും നൽകി. പിന്നീട് സ്ഥലം എംഎൽഎകൂടിയായ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ഹൈക്കോടതിയേയും സമീപിച്ചു.

നിർമാണ പ്രവൃത്തികൾക്ക് കാലാവസ്ഥ പ്രതികൂലമാകാതിരിക്കാൻ എറണാകുളത്തുനിന്ന്‌ കൂറ്റൻ ക്രെയിനും എത്തിച്ചു.

By Rathi N