Fri. Apr 26th, 2024

പാലക്കാട്:
പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോ​ഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്.

ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതോടെ ഇതര രോ​ഗികൾക്കുള്ള ഒപി വിഭാ​ഗമാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. ഇതിനുപുറമെയാണ് കിടത്തിച്ചികിത്സയും ആരംഭിച്ചത്. ഫിസിക്കൽ മെഡിസിൻ, ജനറൽ മെഡിസിൻ, എല്ലുരോ​ഗ വിഭാ​ഗം, മൂത്രാശയ രോ​ഗ വിഭാ​ഗം, ഇഎൻടി തുടങ്ങിയ ഒപികളിലെത്തുന്ന രോ​ഗികളിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെയും ​ഗുരുതരാവസ്ഥയിൽ അല്ലാത്തവരെയാണ് മെയിൻ ബ്ലോക്കിൽ പ്രവേശിപ്പിക്കുക.

330 കോടി രൂപയാണ് ഒപി വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പെടുന്ന 500 കിടക്കകളുള്ള ആശുപത്രി ബ്ലോക്കിനായി സർക്കാർ അനുവദിച്ചത്. കിടപ്പുരോ​ഗികൾക്ക് ഭക്ഷണം എത്തിക്കാൻ കുടുംബശ്രീയുമായി ധാരണയായിട്ടുണ്ട്. ഹോസ്പിറ്റൽ ബ്ലോക്ക് പ്രവർത്തന സജ്ജമാകുന്നതുവരെ താൽക്കാലിക സജ്ജീകരണമെന്ന നിലയിലാണ് മെയിൻ ബ്ലോക്കിൽ കിടത്തിച്ചികിത്സ ആരംഭിച്ചത്. ഒപി ബ്ലോക്കിലേക്കുള്ള ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു.

By Rathi N