Fri. Apr 26th, 2024

ആലുവ:

വാഹന പരിശോധനയിൽ പിഴ ഈടാക്കാൻ ട്രാഫിക് പൊലീസിന്റെ പക്കൽ ഇനി രസീതു ബുക്കും കാർബൺ കോപ്പിയുമൊന്നും ഉണ്ടാകില്ല. നിയമ ലംഘനങ്ങളുടെ പിഴ തത്സമയം ഈടാക്കാനുള്ള ഇ പോസ് മെഷീനുകൾ റൂറൽ ജില്ലയിലും എത്തി. നെറ്റ്‌വർക് സിം ഉപയോഗിച്ചു പ്രവർത്തിക്കുന്ന മെഷീനിൽ നിയമം ലംഘിച്ച് എത്തുന്ന വാഹനങ്ങളുടെ നമ്പർ അടിച്ചു കൊടുത്താൽ നിമിഷങ്ങൾക്കകം ആർസി ഉടമയുടെ പേര്, ചിത്രം, വാഹന സംബന്ധമായ മറ്റു വിവരങ്ങൾ, പെറ്റിക്കേസുകൾ അടക്കം മുൻപു നടത്തിയ നിയമ ലംഘനങ്ങൾ തുടങ്ങിയവ തെളിയും.

വാഹനം ഓടിക്കുന്നത് ഉടമയല്ലെങ്കിൽ പൊലീസിന്റെ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. ഓരോ നിയമ ലംഘനവും അതിനുള്ള പിഴയും മെഷീനിലുണ്ട്. അതനുസരിച്ചുള്ള ഡിജിറ്റൽ രസീത് ഉടൻ ലഭിക്കും.

വാഹനം ഓടിക്കുന്നയാൾക്ക് എടിഎം കാർഡ് ഉപയോഗിച്ചു അപ്പോൾ തന്നെ പിഴയടച്ചു പോകാം. അല്ലെങ്കിൽ ഓൺലൈനായി പിന്നീട് അടച്ചാലും മതി. അടയ്ക്കാതിരുന്നാൽ വീണ്ടും പിടി വീഴും.

വാഹന പരിശോധനക്കിടെ നിയമലംഘകന്റെയും വാഹനത്തിന്റെയും ചിത്രം എടുക്കുന്നുണ്ട്.

നിയമ ലംഘനങ്ങൾ തുടർന്നാൽ ഉടമയുടെ ലൈസൻസ് റദ്ദാക്കാനുള്ള നിർദ്ദേശം മെഷീനിൽ നിന്നു തന്നെ മോട്ടർ വാഹന വകുപ്പിലേക്കു പോകും. പുതിയ സംവിധാനം പൊലീസിനും ആശ്വാസമാണ്. പണം എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിക്കേണ്ടതില്ല.

ഡ്യൂട്ടി അവസാനിപ്പിക്കുമ്പോൾ കണക്കു ബോധിപ്പിക്കുകയും വേണ്ട. ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇതിനുള്ള പരിശീലനം നൽകിയിരുന്നു.

By Rathi N