ഇളമാട്:
ആയൂർ – ഇളമാട് റോഡിൽ കുളഞ്ഞയിൽ ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായി പരാതി. ഇത്തരക്കാരെ കൊണ്ടു സമീപത്തെ വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നു സാധനങ്ങൾ അപഹരിക്കാറുണ്ടെന്നും പരാതിയുണ്ട്.
കുളഞ്ഞി ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക്കു ശുദ്ധജലം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പൈപ്പ് ലൈൻ അടുത്തിടെ സാമൂഹിക വിരുദ്ധർ മുറിച്ചു മാറ്റിയിരുന്നു. ഇതോടെ ഇവിടേക്കുള്ള ജലവിതരണവും മുടങ്ങി. ഇതിനടുത്തുള്ള സർവീസ് സ്റ്റേഷനു സമീപം പാർക്കു ചെയ്തിരുന്ന ബസിൽ നിന്നും സ്പീക്കർ സെറ്റും മോഷണം പോയിരുന്നു.
സമീപത്തെ മൂഴിയിൽ ഭാഗത്തെ വീട്ടിൽ നിന്ന് അടുത്തിടെ കോഴികളും മോഷണം പോയി. കൂടിന്റെ പൂട്ട് പൊളിച്ചു കോഴികളെ അപഹരിച്ച ശേഷം പൂട്ട് കൊളുത്തിൽ പഴയപടി ഇട്ടിരുന്നു. രാവിലെ വീട്ടുകാർ കോഴികളെ തുറന്നു വിടാൻ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഇവിടങ്ങളിലെ ഒട്ടേറെ വീടുകളിൽ നിന്നു റബർ ഷീറ്റുകളും മോഷണം പോയതായി പരാതിയുണ്ട്. പുലർച്ചെയും വൈകിട്ടുമാണ് മദ്യപശല്യം കൂടുതലായി ഉണ്ടാകുന്നതെന്നും ഇതു ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പറയുന്നു. വാഹനങ്ങളിൽ എത്തിച്ചു വിദേശ മദ്യത്തിന്റെ മറിച്ചുകൊടുക്കലും ഇവിടങ്ങളിൽ നടക്കാറുണ്ടെന്നും പരാതിയുണ്ട്.
ചടയമംഗലം പൊലീസ്, എക്സൈസ് എന്നിവരുടെ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.