കോട്ടയം:
‘കോവിലിൽ കുളിച്ച് ഇറങ്ങുന്ന പ്രതീതിയാണ് ഇവിടെനിന്ന് ഓരോ തവണ പുറപ്പെടുമ്പോഴുമെന്ന’ ഗായകൻ യേശുദാസിൻ്റെ വാക്കുകൾ പോലെ നിരവധി ഓർമകൾ നെഞ്ചേറ്റി ‘ബെസ്റ്റോട്ടലിൻ്റെ ‘പടിയിറങ്ങാനൊരുങ്ങുകയാണ് എ പി എം ഗോപാലകൃഷ്ണനെന്ന കോട്ടയത്തിൻ്റെ ബെസ്റ്റോട്ടൽ ഗോപു. അക്ഷരനഗരിയുടെ രുചിഭേദങ്ങൾക്കൊപ്പമുണ്ടായിരുന്ന ‘ബെസ്റ്റോട്ടല്‍’ 77 വര്‍ഷത്തിന് ശേഷം ആഗസ്റ്റ് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും.
ഇതിൻ്റെ ഭാഗമായി കോട്ടയം പ്രസ് ക്ലബിൽ നടന്ന ‘മുഖാമുഖ’ത്തിലാണ് ഹോട്ടലിന് നേതൃത്വം നൽകുന്ന എ പി എം ഗോപാലകൃഷ്ണൻ രുചിയോർമകൾ പങ്കിട്ടത്. മികച്ച ഭക്ഷണമെന്നതായിരുന്നു ഞങ്ങളുടെ ചിന്ത. മായമൊന്നും ചേർത്തിരുന്നുമില്ല- ഇത് അല്ലാതെ മറ്റൊരു രുചി രഹസ്യവും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഇത്ര വർഷങ്ങളായിട്ടും ഒരു തൊഴിൽ സമരംപോലും ഉണ്ടായിട്ടില്ലെന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ അടുത്ത തലമുറയിൽ നിന്നാരും കോട്ടയത്ത് ഇല്ലാത്തതാണ് ‘ബെസ്റ്റോട്ടലിൽ’ നിന്നുള്ള പടിയിറക്കത്തിന് പ്രധാനകാരണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മക്കളായ സന്ധ്യ യു എസിലും സംഗീത കോഴിക്കോടുമാണ്. എന്നാൽ, പൂർണമായി നിർത്തിയെന്ന് പറയാനാകില്ല. ബെസ്റ്റോട്ടലിൻ്റെ പേര് നിലനിർത്താൻ ബെസ്റ്റ് ബേക്കറി ഇതിനു സമീപത്തു തുടരും. സഹോദരൻ എം കെ രവീന്ദ്രനാകും ബേക്കറി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.