Sat. Apr 20th, 2024

ആലപ്പുഴ:
എല്ലാ ഹൗസ്ബോട്ട് ഉടമകളെയും ലൈസൻസ് പരിധിയില്‍ കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖവകുപ്പ് സ്വീകരിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലൈസൻസ് ഫീസിന്റെ കാര്യം സർക്കാർ ചർച്ചചെയ്‌ത്‌ തീരുമാനിക്കും. ബുധനാഴ്‌ച ഹൗസ്ബോട്ട് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രജിസ്ട്രേഷൻ, ലൈസൻസ് എടുക്കുന്നതിനുള്ള തടസ്സങ്ങൾ പരിശോധിക്കും. ചെറിയ ബോട്ട് ഉടമകളുടെ കാര്യത്തിൽ അനുഭാവപൂർവമായ നടപടിയെടുക്കും. ഹൗസ്ബോട്ട് ഉടമകൾക്ക് ഇൻഷുറൻസിന് നിലവിൽ ഭീമമായ തുക നല്‍കണം.

ഇവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കും. സാഗർമാല പദ്ധതിയിൽ മറീന പദ്ധതി ആലപ്പുഴ തുറമുഖത്ത് നടപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ആലപ്പുഴ തുറമുഖത്ത് ഷോപ്പിങ് കോംപ്ലക്‌സ്‌, അഡ്വഞ്ചർ വാട്ടർ സ്‌പോർട്സ്, ഡോക്കിങ് യാ‍ർഡ്സ് തുടങ്ങിയ പദ്ധതികളും പരിഗണനയിലാണ്. മന്ത്രി പറഞ്ഞു.

ഹൗസ് ബോട്ടുകളിലെ അനധികൃത യാനങ്ങൾ കണ്ടുപിടിക്കാൻ ജിപിഎസ് ഏര്‍പ്പെടുത്തും. രജിസ്ട്രേഷനും ലൈസൻസും ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ ബോട്ടിൽ മാറ്റം വരുത്തിയതുമൂലം ചിലർക്ക് ‍രജിസ്ട്രേഷൻ എടുക്കാൻ ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യംഎങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കുന്നുണ്ട്–മന്ത്രി പറഞ്ഞു.

നിലവിൽ ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത 786 ബോട്ടിൽ 350 ലെെസൻസാണ് പുതുക്കിയത്. ലൈസൻസും രജിസ്ട്രേഷനിലെ പ്രശ്നങ്ങളും കാരണം കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കും. മുസിരിസ് പൈതൃകപദ്ധതി, പോർട്ട് മ്യൂസിയം, തുറമുഖത്ത് പഴയ കപ്പൽ സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുന്നു. ആര്യാടുള്ള ബോട്ട് ഡിറ്റൻഷൻ സെന്ററിന്റെ ജോലിയും മന്ത്രി വിലയിരുത്തി. മാരിടൈം ബോർഡ് സിഇ ടി പി സലിംകുമാർ, മാരിടൈം ബോർഡ് അംഗം അഡ്വ എം കെ ഉത്തമൻ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനി പ്രതാപ്, ഉദ്യോഗസ്ഥർ, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

By Rathi N