Sun. Dec 22nd, 2024
കല്ലമ്പലം:

പോങ്ങനാട് കിളിമാനൂർ റോഡിൽ വർഷങ്ങളായി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഉടൻ മാറ്റി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ വണ്ടിത്തടം വാട്സ് ആപ് കൂട്ടായ്മയിലെ ഇൻഷാദ് അവതരിപ്പിച്ച പരാതിയിലാണ് ഉടൻ നടപടി. 2016ൽ കല്ലമ്പലം കിളിമാനൂർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന് വീതി കൂട്ടുമ്പോൾ പൊട്ടിച്ചെടുത്ത പാറക്കൂട്ടങ്ങളാണ് ഗതാഗതം തടസ്സപ്പെടുത്തി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്.

കരവാരം പഞ്ചായത്തിലെ വണ്ടിത്തടം ജംക്‌ഷനിലായിരുന്നു പ്രശ്നം. പരാതി കേട്ട ഉടൻ തന്നെ പൊതുമരാമത്ത് വകുപ്പിന് വിഷയം എത്രയും വേഗം പരിഹരിക്കാൻ മന്ത്രി നിർദേശം നൽകി. ഉടൻ തന്നെ മണ്ണുമാന്തി കൊണ്ടു വന്ന് തടസ്സം നീക്കം ചെയ്തു.

പാറക്കൂട്ടം നിറയെ കാടു പടർന്ന് പിടിക്കുകയും പാറ കാണാത്ത വിധം കാട്ടുചെടികൾ വളർന്ന് ഇഴജന്തുക്കളുടെ ശല്യം രൂക്ഷം ആവുകയും ചെയ്തതോടെ നാട്ടുകാർ പല ഉദ്യോഗസ്ഥരെയും സമീപിച്ച് പരാതി നൽകി എങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് വിഷയം മന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്.

By Divya