Fri. Apr 19th, 2024

ഫറോക്ക്:

കടലുണ്ടി റെയിൽ മേൽപ്പാലം നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ സർവേ നടത്തും. നേരത്തെയുള്ള സർവേ പ്രകാരം നിരവധി കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിനൊപ്പം പാലം മെയിൻ റോഡിൽനിന്ന്‌ മാറി വീണ്ടും ചാലിയം റോഡിലേക്ക് തിരിഞ്ഞുവരുന്ന നിലയിലായിരുന്നു. ഇതിന് പകരം കിഴക്കുഭാഗത്തു നിന്നാരംഭിച്ച് റെയിൽപാത കടന്ന് പടിഞ്ഞാറ് ചാലിയം റോഡിൽ ചെന്നെത്തും വിധത്തിലാകും പുതിയ സർവേ.

രണ്ടാമതു നടത്തുന്ന സർവേലൈൻ പ്രകാരം ആറു ഭൂവുടമകളിൽനിന്ന്‌ മാത്രമേ സ്ഥലമേറ്റെടുക്കേണ്ടതുള്ളൂ. പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ് കോർപറേഷനും റെയിൽവേയും സംയുക്ത പരിശോധന നടത്തിയ ശേഷമാകും എസ്റ്റിമേറ്റ് തയ്യാറാക്കുക. ഇതിന് ശേഷം റെയിൽവേ പാലക്കാട് ഡിവിഷനിൽ നിന്നുള്ള അംഗീകാരം കൂടി ലഭിച്ചാൽ ഫണ്ട് അനുവദിക്കും.10 കോടി രൂപ പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കടലുണ്ടിയുടെ ഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന റെയിൽവേ ലൈൻ ജനങ്ങളെ പാളത്തിനിരുവശത്തും തളച്ചിടുകയാണ്. കോട്ടക്കടവ്‌, മണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക്‌ കടലുണ്ടിക്കടവ് റോഡിലും വട്ടപ്പറമ്പ് വഴി ചാലിയത്തേക്കും, തിരിച്ചും സഞ്ചരിക്കുന്നതിന് റെയിൽപ്പാളം വലിയ തടസ്സമാണ്‌. മേൽപ്പാലം വന്നാൽ യാത്ര സുഗമമാകും.

മേൽപ്പാലത്തിൻറെ നിർമാണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി പ്രവൃത്തി അതിവേഗം തുടങ്ങുന്നതിന് നിർദേശം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.