Mon. Dec 23rd, 2024

തൃശൂർ:

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്ന കേന്ദ്ര സർക്കാരിന്റെ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ഐക്യദാർഢ്യ പ്രക്ഷോഭം സംഘടിപ്പിച്ചു. ജില്ലയിൽ 13 മണ്ഡലം കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രമായ എജീസ് ഓഫീസിനു മുന്നിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കാളികളായി.

ഏജീസ് ഓഫീസിനു മുന്നിലെ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്‌തു. പുതുക്കാട് മണ്ഡലം അളഗപ്പനഗർ പോസ്റ്റോഫീസിനു മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. തൃശൂർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്‌ സലാം വെന്മനാട് ഉദ്ഘാടനം ചെയ്‌തു. നാട്ടിക ചേർപ്പ് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്‌തു.

കുന്നംകുളം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി സുരേഷ് മമ്പറത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ചേലക്കരയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എഫ് ഡേവിസ് ഉദ്‌ഘാടനം ചെയ്‌തു. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മാള പോസ്റ്റോഫീസിനു മുന്നിൽ എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു.

ഒല്ലൂരിൽ ഐഎൻടിയുസി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജോൺസൻ ആവോക്കാരൻ ഉദ്‌ഘാടനം ചെയ്‌തു. മണലൂരിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ അക്ബർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഇരിങ്ങാലക്കുട ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടിയിൽ സിഐടിയു ഏരിയ സെക്രട്ടറി കെ എസ്‌ അശോകൻ ഉദ്‌ഘാടനം ചെയ്‌തു.

By Rathi N