Sat. Apr 20th, 2024

ആലപ്പുഴ:

വള്ളംകളിപ്രേമം നെഞ്ചിലേറ്റിയ ചെറുതനക്കാർ പണിയുന്ന പുത്തൻ ചെറുതനച്ചുണ്ടന്റെ പണി പൂർത്തിയാകുന്നു. ഇനി പിത്തളജോലികൾ മാത്രം. കൊവിഡ്‌ നിയന്ത്രണം കഴിയുമ്പോൾ ചുണ്ടൻ നീരണിയും.
ലോക്ക്ഡൗണും വെള്ളപ്പൊക്കവും കവർന്ന ദിനങ്ങൾ അല്ലാതെ കാലതാമസമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെയാണ് ഓളപ്പരപ്പിലെ ഇടിമിന്നലാകാൻ ചെറുതന ചുണ്ടൻ പൂർത്തിയാകുന്നത്.

പുതിയ ചുണ്ടൻ എന്ന തീരുമാനം സമിതി എടുത്ത ശേഷം പൂഞ്ഞാറിലെത്തി തടികണ്ടു. 2020 മാർച്ച് 15ന്‌ തടിയെത്തി. ആഗസ്‌ത്‌ 24ന് കോവിൽമുക്ക് നാരായണൻ ആചാരിയുടെ ഇളയമകൻ സാബുനാരായണൻ ആചാരി ചുണ്ടന് ഉളികുത്തി. ഒളിമ്പ്യൻ അനിൽകുമാറും വീയപുരം എസ്‌എച്ച്‌ഒ എസ് ശ്യാംകുമാറും ഭദ്രദീപം തെളിച്ചത്‌. ഡിസംബർ 31ന് സിനിമ, സീരിയൽ താരം കരുവാറ്റ ജയപ്രകാശ് മുഖ്യാതിഥിയായി ചടങ്ങിൽ ചുണ്ടൻ മലർത്തൽ നടത്തി. പുതിയ ചുണ്ടൻ കരയുടെ മൂന്നാംചുണ്ടനാണ്.

ആദ്യ രണ്ട്‌ ചുണ്ടനും കൂടി പത്തിലധികംതവണ നെഹ്റുട്രോഫി ഫൈനലിൽ ഇടം നേടി. ചെറുതനഗ്രാമം ആഹ്ലാദിച്ചത്‌ 2004-ലെ നെഹ്റുട്രോഫി വിജയമാണ്. മാരാമൺ എന്ന പഴയ പള്ളിയോടം വാങ്ങി പുതുക്കിപ്പണിത് നീരണിയിച്ച ചുണ്ടൻ വളരെക്കാലം ചെറുതന എന്ന നാമം പേറി പ്രാദേശിക ജലോത്സവങ്ങളിൽ വിജയംനേടി. വിജയം അകന്നുതുടങ്ങിയപ്പോൾ വള്ളംകളിപ്രേമി എടത്വ ആലപ്പാട് സുധാകരന് വിറ്റു. കോവിൽ മുക്ക് നാരായണൻ ആചാരിയുടെ മേൽനോട്ടത്തിൽ വീണ്ടും പണിത ചുണ്ടൻ നേടാത്ത ട്രോഫികൾ കുറവാണ്. ആ ചുണ്ടൻ ചമ്പക്കുളംകാർ വാങ്ങി. ഇപ്പോഴിതാ പുത്തൻചുണ്ടനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ചെറുതനക്കാർ.

By Rathi N