Thu. Mar 28th, 2024

മൂവാറ്റുപുഴ:
വീട്ടൂര്‍ വനത്തില്‍ മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ കണ്ടെത്തി മാലിന്യം തിരികെ എടുപ്പിച്ചു. പഞ്ചായത്തധികൃതര്‍ ഇയാളില്‍ നിന്ന് 5000 രൂപ പിഴയീടാക്കുകയും ചെയ്തു. ഇന്നലെയാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകീട്ട് കുറെയധികം മാലിന്യം വീട്ടൂര്‍ വനമേഖലയില്‍ കൊണ്ടുവന്നു തള്ളിയത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇവ പരിശോധിച്ചതോടെയാണ് ആളെ കണ്ടെത്തിയത്. തള്ളിയ മാലിന്യ കവറില്‍നിന്നു ലഭിച്ച സ്വകാര്യ ആശുപത്രിയിലെ ബില്ലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ആളെ കണ്ടെത്തുകയായിരുന്നു.

മാലിന്യം തള്ളിയയാളെ സ്ഥലത്ത് എത്തിച്ച് ഇത് മുഴുവന്‍ തിരികെ എടുപ്പിച്ച ശേഷമാണ് തിരിച്ചയച്ചത്. 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

മലയാറ്റൂര്‍ റേഞ്ചിലെ മേക്കപ്പാല സ്റ്റേഷനു കീഴില്‍ വരുന്ന വീട്ടൂര്‍ വനം ഡിപ്പോയില്‍ റേഞ്ചറും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും വന സംരക്ഷണത്തിന് ഇവര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. നഗരത്തിനു സമീപം 50 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വീട്ടൂര്‍ വനം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിട്ടു നാളുകളായി. നേരത്തെ വ്യാപകമായി മാലിന്യംതള്ളിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌ക്വാഡ് രൂപീകരിച്ച് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ മാലിന്യം തള്ളുന്നത് തടയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ഇടപെടുന്നില്ല.

By Rathi N