Mon. Dec 23rd, 2024
പത്തനംതിട്ട:

ജില്ലയിലെ അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യു- ഭവന നിർമാണ മന്ത്രി കെ രാജൻ പറഞ്ഞു. കലക്ടർ ഡോ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ റവന്യു ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അർഹതപ്പെട്ടവർക്ക് ഒരു കാരണവശാലും പട്ടയം ലഭിക്കാതെ പോകരുത്.

മുൻപിൽ വന്നുനിൽക്കുന്ന ഓരോരുത്തരും സ്വന്തമാണെന്ന തോന്നൽ ഉണ്ടാകുകയാണെങ്കിൽ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകും. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്നതാണു സർക്കാർ നയം. നിയമത്തിന്റെ അതിർ വരമ്പ് ലംഘിച്ചുകൊണ്ട് ഒരു പ്രവർത്തിയും ചെയ്യാൻ പാടില്ല.

മതപരമോ, രാഷ്ട്രീയമോ ആയ ഒരു രീതിയിലുമുള്ള സ്വാധീനങ്ങളിലും വഴങ്ങാൻ പാടില്ല. അടിസ്ഥാനപരമായ മാറ്റങ്ങൾ വരേണ്ട സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കാനാണ്‌ ശ്രമിക്കുന്നത്. 40 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

വില്ലേജ് ഓഫീസുകളിൽ കുടുംബത്തിലേതെന്ന പോലെയുള്ള അന്തരീക്ഷം സൃഷ്ടിച്ചു ജനകീയമാക്കാൻ ഉദ്യോഗസ്ഥർക്കു സാധിക്കും. ജൂലൈ ഏഴ് മുതൽ റവന്യു സെക്രട്ടറിയറ്റ് യോഗം ചേരും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് റവന്യു സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

എല്ലാ മാസവും സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ എന്നിവരുമായും എല്ലാ രണ്ടു മാസം കൂടുമ്പോൾ വില്ലേജ് ഓഫീസർമാരുമായും മന്ത്രി സംവദിക്കും. റവന്യു വകുപ്പിലെ പ്യൂൺ മുതൽ മന്ത്രി വരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും റവന്യു മന്ത്രി പറഞ്ഞു.
എഡിഎം അലക്സ് പി തോമസ്, അടൂർ ആർഡിഒ എ തുളസീധരൻ പിള്ള, തിരുവല്ല ആർഡിഒ ബി രാധാകൃഷ്ണൻ, അസിസ്റ്റന്റ് കലക്ടർ സന്ദീപ് കുമാർ, ഡെപ്യൂട്ടി കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

By Divya