Fri. Jan 24th, 2025
Kochi Metro

കൊച്ചി:

സംസ്ഥാന സര്‍ക്കാർ അനുമതി നൽകിയാലുടന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. പൊതുഗതാഗതം പുനരാരംഭിച്ചതോടെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടി. ദിവസേന ഒരുതവണവീതം മെട്രോ ട്രെയിനുകള്‍ യാത്രക്കാരില്ലാതെ ഓടുന്നുണ്ട്. ഒരുമാസംമുമ്പ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വീസ്. കൊവിഡ് കാലം ആരംഭിച്ചതുമുതല്‍ ഒന്നിടവിട്ട സീറ്റുകളിലാണ് യാത്ര അനുവദിക്കുന്നത്. അത് തുടരും. ഓരോ യാത്രയ്‌ക്കുശേഷവും ട്രെയിനുകള്‍ അണുനശീകരണം നടത്തും. സ്റ്റേഷനുകളിലും പരിസരങ്ങളിലും കൊവിഡ് മാനദണ്ഡം നിര്‍ബന്ധമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. നിലവില്‍ എല്ലാ ജീവനക്കാരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌റ്റേഷനിൽ എത്തുന്നുണ്ട്. ഇവര്‍ക്കുള്ള ശമ്പളവും മുടങ്ങിയിട്ടില്ല? മെട്രോ സര്‍വീസ് പുനരാരംഭിച്ചാല്‍ വൈദ്യുതിച്ചെലവുമാത്രമാണ് അധികമായി ഉണ്ടാവുക. കൊവിഡ് കാലത്തിനുമുമ്പ് മെട്രോയില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങി. സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്കും പാര്‍ക്കിങ് ഫീസും കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മെട്രോ സര്‍വീസ് നിലച്ചതോടെ ഫീഡര്‍ സര്‍വീസുകളും നിലച്ചിരുന്നു. സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

By Rathi N