Mon. Dec 23rd, 2024
തിരുവല്ല:

ടികെ റോഡിലെ അപകടമേഖലയായ മനയ്ക്കച്ചിറ ജംക്‌ഷനിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ അനിവാര്യം. ഒപ്പം അപകട സാധ്യത പഠനവും വേണം.
കുറ്റൂർ-മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ– മുത്തൂർ റോഡ് വീതി ഉന്നത നിലവാരത്തിലാക്കുന്നതോടെ ഇവിടം ഒരു പ്രധാന ജംക്‌ഷനായി ഇവിടം മാറും.

കുറ്റൂർ, കവിയൂർ ഭാഗത്തുനിന്നു ടികെ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ മിക്കപ്പോഴും അപകടത്തിൽ പെടുന്നതാണ് പ്രധാന പ്രശ്നം. ടികെ റോഡിലൂടെ വരുന്ന വാഹനങ്ങൾ വേഗ നിയന്ത്രണമില്ലാതെയാണ് എത്തുന്നത്. 100 കിലോമീറ്റർ വേഗത്തിൽ പോലും പായുന്നത് സാധാരണമാണ്.

ജംക്‌ഷനോട് ചേർ‌ന്ന് മുന്നറിയിപ്പ് ബോർഡുകളോ വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ക്യാമറകൾ ഇല്ലാത്തതും നിയന്ത്രണമില്ലാതെ വാഹനങ്ങൾ എത്തുന്നതിന് കാരണമായി. ആഴ്ചയിൽ 2 അപകടങ്ങൾ എങ്കിലും പതിവാണ്. മരണങ്ങളും സംഭവിച്ചു.

കുറ്റൂർ-മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ– മുത്തൂർ റോഡ് നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണം പൂർത്തിയാകുന്നതോടെ തിരുവല്ല നഗരത്തിന്റെ ഔട്ടർ റിങ് റോഡായി മാറ്റാൻ കഴിയും. എംസി റോഡിൽ ചെങ്ങന്നൂർ ഭാഗത്തു നിന്നു വരുന്നവർക്ക് തിരുവല്ല, ചങ്ങനാശേരി നഗരത്തിൽ പ്രവേശിക്കാതെ പായിപ്പാട് തെങ്ങണ വഴി കോട്ടയം ഏറ്റുമാനൂർ ഭാഗത്തേക്കു പോകാനുള്ള എളുപ്പമാർഗം കൂടിയാണിത്.

എളുപ്പവഴി തേടിയുള്ള യാത്രയിൽ ഈ റോഡിനെ പ്രയോജനപ്പെടുത്തുമ്പോൾ തിരുവല്ല നഗരത്തിൽ എത്താതെ നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും ഇതുവഴി എത്താൻ സാധ്യതയുണ്ട്. ഇത് അപകടങ്ങൾ വർധിക്കാനും കാരണമാകും. റോഡിലെ സുഗമമായ ഗതാഗതത്തിനും അപകടങ്ങൾ കുറയ്ക്കാനും ശാസ്ത്രീയമായി പഠനം അനിവാര്യമാണ്.

മരാമത്ത് വകുപ്പ് റോഡ് വിഭാഗവും മോട്ടോർ വാഹന വകുപ്പും ചേർന്ന് ഇതിന് ആവശ്യമായ പഠനം നടത്തേണ്ടിയിരിക്കുന്നു. സിഗ്നൽ ലൈറ്റ്, ജാഗ്രതാ ലൈറ്റ് എന്നിവ സ്ഥാപിക്കുന്നത് ഉചിതമാകും എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

By Divya