Fri. Apr 19th, 2024
പുനലൂർ:

താലൂക്ക് ആശുപത്രിയിൽ പുതുതായി 12 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചിട്ട് 4 മാസം ആയിട്ടും പ്രധാന ഡിപ്പാർട്മെന്റുകളിൽ 8 ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ഗൈനക്കോളജി,യൂറോളജി, ശസ്ത്രക്രിയ, ശിശുരോഗം എന്നീ വിഭാഗങ്ങളിൽ മാത്രമാണ് ഡോക്ടർമാരെ നിയമിച്ചത്. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി അടക്കം ഇനി 8 വിഭാഗങ്ങളിൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ തന്നെ ആദ്യത്തെ കാൻസർ കെയർ സെന്ററാണ് ആറു വർഷം മുൻപ് ഇവിടെ ആരംഭിച്ച ജില്ലാ സെന്റർ. ഇവിടെ ഓങ്കോളജിസ്റ്റിനെ നിയമിക്കണമെന്ന് അന്നു മുതൽ ആവശ്യം ഉയർന്നതാണ്. ഈ വർഷം ഫെബ്രുവരിയിലാണ് താലൂക്ക് ആശുപത്രിയിൽ 12 തസ്തികകൾ സൃഷ്ടിച്ചത്.

കോവിഡ് വ്യാപനത്തിന് മുൻപ് ദിവസം ശരാശരി 2000 പേർ ഒപി വിഭാഗത്തിൽ എത്തിയിരുന്ന ആശുപത്രിയാണിത്. ഭൂമിശാസ്ത്രപരമായി ജില്ലയുടെ 40 ശതമാനത്തോളം വരുന്ന പ്രദേശം ഉൾപ്പെടുന്ന താലൂക്കിന്റെ ആസ്ഥാനമാണ് പുനലൂർ. നൂറിൽപരം സെറ്റിൽമെന്റ് കോളനികളും ഒട്ടേറെ ആദിവാസി കോളനികളുമുള്ള ഈ താലൂക്കിൽ നാൽപതും അൻപതും കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ ചികിത്സയ്ക്കായെത്തുന്നത്.

10 നില കെട്ടിടത്തിന്റെ ഉദ്ഘാടനവും തസ്തിക സൃഷ്ടിക്കലും കഴിഞ്ഞ് 4 മാസം
ആയിട്ടും ഡോക്ടർമാരെ നിയമിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ, കൂടുതൽ വിദഗ്ധരായ കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടത് അത്യാവശ്യമാണ്. അപകടങ്ങളിൽ പെട്ട് ചെറിയ പരുക്കുമായി എത്തുന്നവരെ പോലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കേണ്ട സ്ഥിതിയാണ് നിലവിൽ.

ദേശീയപാതയും സംസ്ഥാന ഹൈവേകളും സംഗമിക്കുന്ന ഇവിടെ ആശുപത്രിയിൽ താലൂക്കിനു പുറത്തു നിന്നു പോലും രോഗികൾ ചികിത്സ തേടിയെത്തുന്നു. തസ്തിക സൃഷ്ടിച്ച എല്ലാ ഡിപ്പാർട്മെൻന്റുകളിലേക്കും അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്

By Divya