വടകര:
എടിഎം വഴി പണം തട്ടിയ സംഭവത്തിൽ ഒരു പ്രതിയെ കൂടി വടകര പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ഉത്തർ പ്രദേശ് മീററ്റ് ജില്ലയിലെ ഡൽഹി റോഡിലെ റിഹാൻ ഖാനെ(31)യാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. മാധവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് വടകരയിൽ എത്തിച്ചു.
എടിഎം വഴി പണം തട്ടിയ കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ ഒന്നാം പ്രതി ഡൽഹി സ്വദേശി സുഗീത് വർമ (41) യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികളായ കടമേരി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ (33), കായക്കൊടി മടത്തുംകുനി ഷിബിൻ (23) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്. ഈ പ്രതിക്കായി അന്വേഷക സംഘത്തിലെ മറ്റൊരു സ്ക്വാഡ് ഡൽഹിയിൽ തങ്ങിയിട്ടുണ്ട്.
വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച 30ഓളം പേർക്കാണ് പണം നഷ്ടപ്പെട്ടത്. മാർച്ച് 23 മുതലാണ് ആറ് ലക്ഷം രൂപ എടിഎം വഴി നഷ്ടപ്പെട്ടത്. മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. എടിഎമ്മിൽ സ്കിമ്മറും ക്യാമറയും സ്ഥാപിച്ച് എടിഎം കാർഡിൻറെ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്.
എസ്ഐ പി കെ സതീഷ്, എഎസ്ഐ പി രാജേഷ്, കെ ഷിനു, കെ കെ സിജേഷ്, പി കെ റിഥേഷ്, പി പ്രദീപ് കുമാർ, പി വി ഷിനിൽ എന്നിവരാണ് അന്വേഷക സംഘത്തിലുള്ളത്.