Thu. Apr 18th, 2024
കോവളം:

കോവിഡ് പ്രതിസന്ധിയിലൂടെ മാന്ദ്യം അനുഭവിക്കുന്ന പരമ്പരാഗത കലാമേഖലയ്ക്കും വിപണിക്കും പുത്തൻ ഉണർവ് നൽകാൻ ഉതകുന്നതാണ് വെള്ളാർ കേരള ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ ട്രെഡിഷൻ’ പദ്ധതിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ ഗിഫ്റ്റ് എ ട്രെഡിഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന്‌ കേരളത്തിന്റെ തനതായ കരകൗശല കൈത്തറി ഉൽപന്നങ്ങൾ വാങ്ങി പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നതിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനാകും.

‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിയിലൂടെ സ്വന്തം വീടുകളിൽ മാത്രമല്ല, കരകൗശല വിദഗ്ധരുടെയും കൈത്തറി തൊഴിലാളികളുടെയും വീടുകളിൽക്കൂടി സന്തോഷമെത്തുമെന്നും മന്ത്രി പറഞ്ഞു. ഹാൻഡ്‌ ലൂം വില്ലേജിലെ തറിയിൽ നെയ്ത മുണ്ട് മുറിച്ചെടുത്തായിരുന്നു ഉദ്ഘാടനം.

പ്രവാസി മലയാളികൾക്ക് ഓണസമയത്ത് വീടുകളിലേക്ക് കരകൗശല, കൈത്തറി ഉൽപ്പന്നങ്ങൾ സമ്മാനമായി അയക്കുന്നതിനുള്ള പദ്ധതിയാണ് ‘ഗിഫ്റ്റ് എ ട്രെഡിഷൻ’.
കൈത്തറി സാരികൾ, മുണ്ടുകൾ, നേര്യത് തുടങ്ങിയവ കൂടാതെ നെട്ടൂർ പെട്ടി, ആറന്മുള വാൽക്കണ്ണാടി, കാൽപ്പെട്ടി എന്നിവയും സമ്മാനിക്കാം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ വെബ്സൈറ്റിലൂടെ സമ്മാനങ്ങൾ ബുക്ക് ചെയ്യാം.

എം വിൻസെന്റ് എംഎൽഎ അധ്യക്ഷനായി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രസാദ്, ഓപ്പറേറ്റിങ്‌ എൻജിനിയർ അഭിജിത് എന്നിവർ സംസാരിച്ചു.

By Divya