ആലപ്പുഴ:
കൊവിഡ് രണ്ടാം തരംഗം ജനജീവിതം നിശ്ചലമാക്കിയ സാഹചര്യത്തിൽ സാധാരണ ജനങ്ങളുടെ സഹായത്തിനായി പ്രവാസി വ്യവസായി ആർ. ഹരികുമാർ മുൻകൈയെടുത്ത് ജന്മനാട്ടിൽ തയാറാക്കിയ സൗജന്യ കൊവിഡ് ചികിത്സകേന്ദ്രം ചൊവ്വാഴ്ച നാടിന് സമർപ്പിക്കും.
പ്രവാസി വ്യവസായി വാക്കുപാലിച്ചു; ആലപ്പുഴയിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറർ ഒരുങ്ങി. ഭാര്യയുടെ പേരിലുള്ള ‘കല ടൂറിസ്റ്റ് ഹോമാ’ണ് കൊവിഡ് ചികിത്സക്കായി അദ്ദേഹം വിട്ടുനൽകിയത്.അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോവിഡ് ഡൊമിസിലറി കെയർ സെൻററിെൻറ ഉദ്ഘാടനം വൈകീട്ട് മൂന്നിന് എച്ച് സലാം എംഎൽഎ നിർവഹിക്കും.
ഓക്സിജൻ സംവിധാനമുള്ള 10 കിടക്കകൾ ഉൾപ്പെടെ 50 കിടക്കകൾ സജ്ജമാക്കിയിട്ടുള്ള സെൻററിൽ മുഴുസമയ നഴ്സിന്റെയും വളൻറിയർമാരുടെയും സൗകര്യം ലഭ്യമാകും. കോവിഡ് പോസിറ്റിവായവരും എന്നാൽ, രോഗലക്ഷണമില്ലാത്തവരുമായ, വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്ത രോഗികൾക്ക് സൗജന്യതാമസവും ഭക്ഷണവും മതിയായ പരിചരണവും സെൻററിൽ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ് പറഞ്ഞു.