കോന്നി:
ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർപ്ലാൻ തയാറാക്കാൻ തീരുമാനമായതായി കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. കോന്നി ഫോറസ്റ്റ് ഐ ബിയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കോന്നി ഇക്കോ ടൂറിസത്തെ ഉൾപ്പെടുത്തിയിരുന്നു.
ഇതിൻ്റെ ഭാഗമായി ധാരാളം വിദേശ-സ്വദേശ ടൂറിസ്റ്റുകൾ കോന്നിയിൽ എത്തിച്ചേരും. ഈ സാഹചര്യം മുൻനിർത്തി ടൂറിസം രംഗത്ത് പരമാവധി സാധ്യതകൾ കണ്ടെത്തി ഉപയോഗിക്കുന്നതിനായാണ് യോഗം ചേർന്നത്. ആനക്കൂടും അനുബന്ധ കേന്ദ്രങ്ങളും വികസിപ്പിച്ചുള്ള ടൂറിസം സാധ്യതകളാണ് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തയാറാക്കുന്നത്.
തെന്മല ഇക്കോ ടൂറിസത്തിൽനിന്നുമുള്ള സംഘം മാസ്റ്റർ പ്ലാൻ തയാറാക്കാനായി കോന്നിയിൽ ഉടൻ എത്തും.