കുവൈത്ത് സിറ്റി:
കുവൈത്തിൻറെ ആരോഗ്യ സംവിധാനത്തെയും കൊവിഡ് പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികളെയും പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന. ഉയർന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചും കാര്യക്ഷമതയോടെയും പ്രഫഷനൽ മികവോടെയുമാണ് കുവൈത്തിലെ കുത്തിവെപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ പ്രതിനിധി ഡോ അസദ് ഹഫീസ് പറഞ്ഞു.
കുത്തിവെപ്പ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. മിഷ്രിഫ് എക്സിബിഷൻ സെൻററിലെയും ശൈഖ് ജാബിർ പാലത്തിനോടനുബന്ധിച്ച ഡ്രൈവ് ത്രൂ കുത്തിവെപ്പ് കേന്ദ്രങ്ങളുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധികൾ സന്ദർശിച്ചത്. ജൂൺ 15നാണ് ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം ഒാഫിസ് തുറന്നത്.
കുവൈത്ത് ആരോഗ്യമന്ത്രാലയവും ഡബ്ല്യുഎച്ച് ഒയും സംയുക്തമായി ആദ്യത്തെ ശിൽപശാല സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം പ്രതിനിധി ഡോ അസദ് ഹഫീസ്, ആരോഗ്യമന്ത്രാലയത്തിലെ ഇൻറർനാഷനൽ ഹെൽത്ത് റിലേഷൻ വകുപ്പ് മേധാവി ഡോ രിഹാബ് അൽ വതിയാൻ, ഡബ്ല്യൂ എച്ച് ഒ ലെയ്സൺ ഒാഫിസർ ഡോ അംജദ് അൽ ഖൗലി എന്നിവർ സംബന്ധിച്ചു. സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് ശിൽപശാല ചർച്ച ചെയ്തത്.