Sat. Jan 18th, 2025
ന്യൂഡൽഹി:

15 വർഷത്തെ ദീർഘമായ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതിയുടെ ട്രെയിൻ യാത്ര. ഉത്തർപ്രദേശിൽ കാൻപൂരിലെ ജൻമനാട്ടിലേക്കാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്പെഷൽ പ്രസിഡൻഷ്യൽ ട്രെയിനിൽ യാത്ര തിരിച്ചത്. സഫ്ദർജങ് സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്.

വൈകിട്ട് കാൻപൂരിലെത്തി. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജൻമനാട് സന്ദർശിക്കുന്ന റാം നാഥ് കോവിന്ദ് പഴയകാല സതീർത്ഥ്യരുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ കാൻപുർ യാത്ര പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

രാഷ്ട്രപതിയുടെ യാത്ര 7 ദശാബ്ദം പിന്നിട്ട അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള ഓർമകളുടെ മടക്കയാത്ര കൂടിയാണെന്ന് രാഷ്ട്രപതിഭവൻ വ്യക്തമാക്കി. 2006ൽ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമാണ് ഒടുവിൽ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്തത്.

ഡെറാഡൂണിൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനായിരുന്നു ഈ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ട്രെയിൻ മാർഗമാണ് ഇന്ത്യ മുഴുവൻ യാത്ര ചെയ്തത്. രാഷ്ട്രപതിയുടെ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന പ്രസിഡൻഷ്യൽ സലൂൺ ഉപയോഗം കുറഞ്ഞതിനാൽ പിന്നീട് നിർത്തലാക്കിയിരുന്നു. കാൻപുരിൽ നിന്ന് രാഷ്ട്രപതി 28 ന് ലക്നൗവിലേയ്ക്കും ട്രെയിനിലാണ് പോകുന്നത്.

കൊവിഡാനന്തരം വലിയ യാത്രകൾക്ക് തയാറെടുക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ആവേശം നൽകുന്നതാണ് രാഷ്ട്രപതിയുടെ യാത്രയെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

By Divya