Fri. Apr 26th, 2024
ചെന്നൈ:

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂലായ് 5 വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ പ്രതിദിന കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അപകട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതിനാലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ലോക്ഡൗണില്‍ തമിഴ്‌നാട്ടില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു.

ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂര്‍, ചെങ്കല്‍പെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും മാളുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെയാണ് മാളുകള്‍ തുറക്കുക. ഈ ജില്ലകളില്‍ മാത്രം ആഭരണശാലകളും തുണിക്കടകളും തുറക്കാമെന്നും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

അതേസമയം കടകളിലേയും മാളുകളിലെയും എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ആരാധനാലയങ്ങളു കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ മദ്യശാലകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സലൂണ്‍, സ്പാ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പാര്‍സല്‍ മാത്രമുള്ള സേവനമുള്ള ചായക്കടകള്‍ക്ക് രാവിലെ 6 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. സിനിമ, ടെലിവിഷന്‍ ഷോകളുടെ ഷൂട്ടിംഗ് പരമാവധി 100 പേരെ ഉള്‍പ്പെടുത്തി അനുവദനീയമാണ്.

എന്നാല്‍ ഇവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധനകള്‍ നിര്‍ബന്ധമാണ്. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും അനുവദിക്കും.

By Divya