Thu. Dec 19th, 2024
ന്യൂഡല്‍ഹി:

കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള  ഐ എസ് ഗ്രൂപ്പിൻ്റെ അട്ടിമറി സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഡൽഹി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹി രാജ്ഭവന് സമീപമുള്ള മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചു. രാജ്ഭവന് സുരക്ഷ കൂട്ടിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും.

ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ദില്ലി – യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കും.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ രാജ്ഭവനുകൾക്ക് മുന്നിൽ വൻ റാലിക്ക് കർഷക സംഘടനകൾ ഒരുങ്ങിക്കഴിഞ്ഞു.  ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കൾ നേതൃത്വം നൽകും. കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.

By Divya