Mon. Dec 23rd, 2024
തിരുവനന്തപുരം:

ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും 45ന് മുകളിലുള്ള അരക്കോടി പേരിൽ പത്തുലക്ഷത്തിലധികം പേർക്കാണ് ആദ്യഡോസ് നൽകാനായത്. ലക്ഷ്യം കൈവരിക്കാനായി ഈ മാസം 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 18 ലക്ഷത്തോളം ഡോസ് വാക്സിനാണ്.

ജൂലൈ 15നകം സംസ്ഥാനത്ത് നാൽപ്പത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യഡോസ് വാക്സിനെങ്കിലും നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത് ജൂൺ 5നായിരുന്നു. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രധാന ഒരുക്കമായിരുന്നു ഇത്. മുന്നിലുണ്ടായിരുന്ന നാൽപ്പത് ദിവസത്തിൽ 20 ദിവസം കഴിഞ്ഞുപോയി.

ലക്ഷ്യം പ്രഖ്യാപിച്ച ജൂൺ 5ന് 45ന് മുകളിലുള്ള 57 ശതമാനം പേരാണ് ആദ്യഡോസ് വാക്സിനെടുത്തിരുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇത് 66 ശതമാനമായി. പുതുതായി വാക്സിൻ നൽകാനായത് 9 ശതമാനം പേർക്ക്.

20 ദിവസത്തിനിടെ ഈ വിഭാഗത്തിൽ നൽകാനായത് 10 ലക്ഷത്തിലധികം പേർ‍ക്ക്. 45ന് മുകളിലുള്ളവരിൽ ആദ്യഡോസ് ലാഭിക്കാത്തവർ ഇനിയും 39 ലക്ഷത്തോളമാണ്. 40ന് മുകളിലുള്ളവരുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് അരക്കോടിയിലധികം വരുമെന്നാണ് കണക്ക്.

38 ലക്ഷം ഡോസ് വാക്സിൻ ഈ മാസം എത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് വന്നത് 18 ലക്ഷത്തോളം ഡോസാണ്. 18നും 44നും ഇടയിലുള്ളവർക്ക് ഇതിനേക്കാൾ പതുക്കെയാണ് വാക്സിനേഷൻ. ഒന്നരക്കോടി പേരിൽ പതിനാറര ലക്ഷം പേർക്കാണ് ആദ്യഡോസ് കിട്ടിയത്. രണ്ടാം ഡോസ് കിട്ടിയത് 7261 പേർക്ക്. 45 വയസ്സിന് മുകളിലുള്ള ഒരുകോടി പതിമൂന്ന് ലക്ഷത്തിലധികം പേരിൽ 20 ലക്ഷത്തോളം പേർക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും കിട്ടിയത്.

നിലവിലുള്ള വേഗതയിൽ പോയാൽ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ചുരുക്കം. കണക്കുകൾ ഇങ്ങനെയിരിക്കെയാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി ക്ലാസുകൾ തുടങ്ങാൻ സംസ്ഥാനം ആലോചിക്കുന്നത്. രണ്ടര ലക്ഷം ഡോസ് വരെ വാക്സിൻ പ്രതിദിനം നൽകാൻ ശേഷിയുള്ള സംസ്ഥാനത്തിന് വാക്സിൻ ലഭ്യതക്കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

By Divya