ദുബായ്:
വിദേശ രാജ്യങ്ങളിലെ വിദഗ്ധ ഡോക്ടർമാരുമായി ടെലി മെഡിസിൻ സംവിധാനത്തിലൂടെ സംസാരിക്കാൻ സംവിധാനമൊരുക്കി യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടന്ന അറബ് ഹെൽത്തിലാണ് സംവിധാനം അവതരിപ്പിച്ചത്. ഐസിയുവിൽ ഉൾപ്പെടെ ഇൻറർനാഷനൽ ടെലിമെഡിസിൻ സംവിധാനത്തിൻറെ പ്രയോജനം ലഭിക്കും.
ആദ്യഘട്ടത്തിൽ യുഎഇ പൗരന്മാർക്കായിരിക്കും സേവനം ലഭിക്കുക. 16 ആശുപത്രികളിൽ ഈ സംവിധാനം ഏർപ്പെടുത്തും. മറ്റു ഡോക്ടർമാരെ കാണുന്ന സമയത്ത് ആവശ്യമെങ്കിൽ വിഡിയോ കോൺഫറൻസ് വഴി വിദേശരാജ്യങ്ങളിലെ ഡോക്ടർമാരുമായി രോഗിക്ക് സംസാരിക്കാൻ അവസരം ലഭിക്കും.
എമിറേറ്റ്സ് ഹെൽത്ത് സർവിസുമായി ചേർന്നാണ് പദ്ധതി അവതരിപ്പിച്ചത്. ഡിജിറ്റൽ മേഖലയിലെ സൗകര്യങ്ങൾ പരമാവധി ആരോഗ്യമേഖലയിൽ ഉപയോഗപ്പെടുത്തുന്നതിൻറെ ഭാഗമാണ് നടപടി. നിർമിത ബുദ്ധിയും സ്മാർട്ട് ആപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തും. വിദഗ്ധ ഡോക്ടർമാരുമായി കൺസൽട്ടേഷന് വിദേശത്ത് പോകേണ്ട അവസ്ഥ ഇതുമൂലം ഒഴിവാകും.