തിരുവനന്തപുരം:
കെപിസിസി, ഡിസിസി ഭാരവാഹിത്വത്തിലേക്ക് എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ അനിവാര്യരായവർ ഒഴികെ ആരെയും ഭാരവാഹികളാക്കില്ല. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലും മുതിർന്ന നേതാക്കൾ പ്രത്യേകമായി നടത്തിയ കൂടിയാലോചനയിലും ഉയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുധാരണ രൂപപ്പെട്ടത്.
അടിമുടി നടപ്പാക്കുന്ന അഴിച്ചുപണിയിൽ വിവിധതലങ്ങളിലുള്ള ജംബോ കമ്മിറ്റികൾ ഒഴിവാക്കും. മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി ചെലവഴിക്കാൻ കഴിയുന്നവരെയായിരിക്കും പരിഗണിക്കുക. എംപി, എംഎൽഎമാരെ ഭാരവാഹികളാക്കിയാൽ അതിന് കഴിയില്ല.
മാത്രമല്ല, മറ്റുള്ളവർക്ക് ലഭിക്കേണ്ട അവസരം നഷ്ടപ്പെടുകയും ചെയ്യും. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡൻറുമാരും ജനപ്രതിനിധികളാണെങ്കിലും അവരെ നിയമിച്ചത് ഹൈകമാൻഡ് ആയതിനാൽ ചോദ്യം ചെയ്യാൻ കഴിയില്ല.