Sun. Dec 22nd, 2024
ന്യൂഡൽഹി:

കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം നടപ്പാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിച്ച രീതിയിൽ പരിഭവമുള്ള ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാനാണു രാഹുൽ അദ്ദേഹത്തെ വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ച രാഹുലുമായി കൂടിക്കാഴ്ച നടത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തനിക്കും ഉമ്മൻ ചാണ്ടിക്കുമുള്ള പരിഭവം നേരിട്ടറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ച രാഹുൽ, നേരിൽ കാണാൻ ഡൽഹിക്കു വിളിപ്പിക്കുകയായിരുന്നു.

നേതൃമാറ്റം നടപ്പാക്കിയ രീതി സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ടെന്നു ഹൈക്കമാൻഡിനു ബോധ്യമുണ്ട്. അതു പരിഹരിച്ച്, സംസ്ഥാന നേതൃത്വത്തിൽ ഐക്യമുറപ്പാക്കേണ്ടത് അനിവാര്യമാണെന്നും നേതൃത്വം വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനു രാഹുൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരുടെ ഓൺലൈൻ യോഗം സോണിയ ഇന്നു വിളിച്ചിട്ടുണ്ട്. ആന്ധ്രയുടെ ചുമതല വഹിക്കുന്ന ഉമ്മൻ ചാണ്ടിയും പങ്കെടുക്കും.

By Divya