പാലക്കാട്:
കിഴക്കഞ്ചേരിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച ശ്രുതിയുടെ കുടുംബമാണ് ഭര്‍ത്താവ് ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത ശ്രുതിയെ അയാള്‍ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ശ്രുതിയെ തീകൊളുത്തി കൊന്നതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശ്രുതിയുടെ മാതാവ് പറഞ്ഞു.
ആത്മഹത്യ ചെയ്യണമായിരുന്നെങ്കില്‍ മുന്‍പേ ആകാമായിരുന്നു. മരിക്കുന്നതിന് മുന്‍പ് ശ്രീജിത്താണ് തീകൊളുത്തിയതെന്ന് ശ്രുതി അനുജത്തിയോടും തന്റെ സഹോദരിയോടും പറഞ്ഞിരുന്നു. മകളുടെ ശരീരത്തില്‍ തീ ആളിക്കത്തുമ്പോള്‍ കട്ടിലില്‍ ഇരുന്ന് അത് കണ്ടുകൊണ്ടിരിക്കുകയാണ് ശ്രീജിത്ത് ചെയ്തത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് ശ്രീജിത്ത് തീ അണയ്ക്കാന്‍ ശ്രമിച്ചതെന്നും ശ്രുതിയുടെ അമ്മ ആരോപിച്ചു.
തന്റെ മകളെ ശ്രീജിത്ത് കൊന്നതാണെന്ന് ശ്രുതിയുടെ പിതാവ് പറഞ്ഞു. മകളെ കൊല്ലുമെന്ന് ശ്രീജിത്ത് ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. അവന്റെ അമ്മയും പറഞ്ഞിരുന്നു. ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. തന്റെ വീട് വിറ്റ് എല്ലാം നല്‍കിയതാണ്. മകള്‍ക്ക് ഒരു സമാധാനവും നല്‍കിയിരുന്നില്ലെന്നും ശ്രുതിയുടെ അച്ഛന്‍ പറഞ്ഞു.
ചേട്ടന്‍ തീയിട്ടതാണെന്ന് മരിക്കുന്നതിന് തലേദിവസം ശ്രുതി തന്നോട് പറഞ്ഞതായി സഹോദരിയും പ്രതികരിച്ചു. എന്തുകൊണ്ട് പൊലീസിനോട് പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ക്ക് വേണ്ടിയാണെന്നും അത് പറഞ്ഞാല്‍ തനിക്ക് മക്കളെ കിട്ടില്ലെന്നും ശ്രുതി പറഞ്ഞു.
ശ്രീജിത്ത് മുന്‍പും ശ്രുതിയെ മര്‍ദിച്ചിട്ടുണ്ട്. പപ്പയാണ് അമ്മയെ കൊന്നതെന്ന് മക്കളും പറഞ്ഞിരുന്നു. കുട്ടികളെ വിളിക്കാന്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ അച്ഛന്‍ തല്ലാന്‍ വന്നുവെന്നും അവിടെ നിന്ന് പോയാല്‍ കുട്ടികളുടെ കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതിയുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.