Wed. Jan 22nd, 2025
മലപ്പുറം:

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ കനത്ത പ്രതിസന്ധി. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് വിട്ട് നേതാക്കള്‍ ഇടതുപക്ഷത്തേക്കെത്തുന്നു. ലീഗിന്റെ അധഃപതനത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് ലീഗ് വിട്ട് ഇടതുപക്ഷത്തേക്കെത്തിയത്. കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(എല്‍) യില്‍ ചേര്‍ന്നാണ് നിരവധി നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് എത്തിയത്.

തെക്കന്‍ ജില്ലകളില്‍ അസംതൃപ്തരായ പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ കൂട്ടത്തോടെ ലീഗ് വിടുമെന്നാണ് ഇടതുപക്ഷത്തേക്കെത്തിയ നേതാക്കള്‍ പറയുന്നത്. ലീഗില്‍ മലബാറിലെയും തെക്കന്‍ ജില്ലയിലെയും പ്രവര്‍ത്തകരെ രണ്ടു തരം പൗരന്മാരായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടി തന്നെ പ്രവര്‍ത്തകരെ അവഗണിക്കുന്നതിനാല്‍ യുഡിഎഫില്‍ പോലും ലീഗിന് വിലയില്ലാതാകുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത് ലീഗിന്റെ ആത്മാഭിമാനം നഷ്ടമാക്കി എന്ന ആരോപണം തെക്കന്‍ ജില്ലയില്‍ നേരത്തേ ശക്തമാണ്. ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിനെ കളങ്കപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ മത്സരം വഴിവെച്ചുവെന്നാണ് പരാതി.

സമസ്തയുടെ ഒരുവിഭാഗം പാര്‍ട്ടിയെ പിന്തുണയ്ക്കാത്തതും പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിചാരിച്ചത്ര ഫലമുണ്ടാക്കിയില്ലെന്ന് ലീഗില്‍ ആരോപണമുയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ കേന്ദ്ര കാബിനറ്റില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സ്വപ്നം കണ്ടാണ് നിയമസഭാ അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ പാര്‍ലമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുകയും നിര്‍ണായക സമയങ്ങളില്‍ ഓടിയൊളിക്കുകയും ചെയ്ത കുഞ്ഞാലിക്കുട്ടി കേരളത്തില്‍ യുഡിഎഫ് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാവാമെന്ന പ്രതീക്ഷയില്‍ ലോകസഭാ അംഗത്വം രാജിവെച്ച് നിയമസഭയില്‍ മത്സരിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന ആരോപണം.

ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യാനോ തിരുത്താനോ ഉള്ള സംഘടനാ ശേഷി ഇല്ലാത്ത പാര്‍ട്ടിയായി ലീഗ് മാറി എന്നും തെക്കന്‍ ജില്ലയിലെ നേതാക്കള്‍ പറയുന്നു.

By Divya