Mon. Dec 23rd, 2024
ന്യൂഡൽഹി:

ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി (ഐസിഎംആര്‍-എൻഐഇ) പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള സാധ്യത 82 ശതമാനമാണ്, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇത് 95 ശതമാനമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍, വാക്‌സിനെടുക്കാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്. 2021ഋ ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ 32,792 പൊലീസുകാര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 67, 673 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. 17,059 പേര്‍ വാക്‌സിനെടുത്തിരുന്നില്ല.

ഈ കാലയളവില്‍ 31 പൊലീസുകാരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതില്‍ നാലുപേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരുന്നു. ഏഴുപേര്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമാണ് എടുത്തിരുന്നത്. മറ്റുള്ള 20 പേര്‍ വാക്‌സിനെടുക്കാത്തവരായിരുന്നു. മരിച്ചവരില്‍ വാക്‌സിനെടുത്തവരും എടുക്കാത്തവരും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

By Divya