Mon. Dec 23rd, 2024
ന്യൂഡൽഹി:

അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള ഭാരത് ബയോടെക്ക് കൊവാക്‌സിന്റെ അപേക്ഷ ലോകാരോഗ്യസംഘടന ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടികള്‍ മാത്രമാകും ഇന്ന് നടക്കുക. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 77.8% ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞ കൊവാക്‌സിന് ഡിസിജിഐ അംഗീകാരം ഉടന്‍ നല്‍കും.

അതേസമയം ഡെല്‍റ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലായെന്ന മുന്‍നിലപാട് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരുത്തി. കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചു. ഡെല്‍റ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുവരെ 25 കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചതായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം അര ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികള്‍. 24 മണിക്കൂറില്‍ കേരളത്തില്‍ വീണ്ടും പതിനായിരത്തില്‍ മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും മെയ് മൂന്നിന് രണ്ടു കോടി കടന്നു.

51 ദിവസങ്ങള്‍ കൊണ്ടാണ് രണ്ട് കോടിയില്‍ നിന്ന് മൂന്ന് കോടി രാജ്യത്തെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്.

By Divya