Mon. Dec 23rd, 2024
ജയ്പൂര്‍:

രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമാണ് യൂണിഫോം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ 850 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2017 ല്‍ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായപ്പോഴാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം മാറ്റിയത്.

ആര്‍എസ്എസ് യൂണിഫോമിന് സമാനമായാണ് വസുന്ധര രാജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ അന്ന് തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പുതിയ യൂണിഫോമിന്റെ നിറം നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേസമയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ യൂണിഫോം സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യം ഗെലോട്ട് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതാണെന്നും എന്നാല്‍ കൊവിഡ് കാരണങ്ങളാല്‍ നീണ്ടുപോയതാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടിലും കാവിവല്‍ക്കരണത്തിനെതിരായ നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും ലൈബ്രറികളിലും സ്ഥാപിച്ചിരുന്ന കവി തിരുവള്ളുവറിന്റെ കാവിവസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം എടുത്തുമാറ്റിയിരുന്നു.

By Divya