Wed. Nov 6th, 2024
ന്യൂഡൽഹി:

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐ ടി ചട്ടങ്ങൾക്കെതിരെ രാജ്യത്തെ അഞ്ച് വ്യവസായ സംഘടനകളുടെ കത്ത്. ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ കമ്പനികൾക്കെതിരെയുള്ള കേന്ദ്ര നീക്കം ചര്‍ച്ചയാകുമ്പോഴാണ് എതിര്‍പ്പറിയിച്ച് വ്യവസായ സംഘടനകളും കേന്ദ്രത്തെ സമീപിക്കുന്നത്.

ഫിക്കി, കോണ്‍ഫെഡറേഷൻ ഓഫ്  ഇന്ത്യൻ ഇൻഡസ്ട്രീസ്, അസോച്ചം, യു എസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം, യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സിൽ എന്നീ സംഘടനകളാണ് ഐ ടി ചട്ടങ്ങൾക്കെതിരെ കേന്ദ്ര സര്‍ക്കാരിന് കത്ത് നൽകിയത്. സാമൂഹ്യമാധ്യമങ്ങളിലെ നിയമലംഘനങ്ങൾക്ക് ഇടനിലക്കാരായ കമ്പനികളിലും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന വ്യവസ്ഥയിലാണ് വ്യവസായ സംഘടനകളുടെ ആശങ്ക. ഇത് രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഐ ടി ചട്ടങ്ങളിൽ ആവശ്യമായ  ഭേദഗതികൾ വരുത്തണം. ചട്ടങ്ങൾ നടപ്പാക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടണം.  ചട്ടങ്ങൾ സംബന്ധിച്ച വിയോജിപ്പുകൾ ചര്‍ച്ച ചെയ്യാൻ അവസരം നൽകണമെന്നും സംഘടനകൾ നിയമമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം രാജ്യത്തിന്‍റെ സുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ച് വിശുദ്ധമായ ചര്‍ച്ചകൾക്കൊടുവിലാണ് ചട്ടങ്ങൾ തയ്യാറാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

By Divya