Sat. Nov 23rd, 2024
തിരുവനന്തപുരം:

കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സ്ത്രീധനം ക്രിമിനല്‍ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയണം. എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓരോ വ്യക്തിയും അതില്‍ പങ്കുചേരണമെന്നും അവര്‍ പറഞ്ഞു. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും കെകെ ശൈലജ കൂട്ടുച്ചേര്‍ത്തു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിപത്തിനെതിരെ വിപുലമായ ചില പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 2025ഓടെ കേരളത്തില്‍ സ്ത്രീധനപീഡനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിനുകളും ഇടപെടലുകളുമാണ് പ്ലാന്‍ ചെയ്തത്.

കോളേജ ക്യാമ്പസുകളിലും നവമാധ്യമങ്ങള്‍വഴിയും പ്രചരണപരിപാടികള്‍ മുന്നോട്ടു കൊണ്ടുപോവുകയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും പൊലീസിന്റെയുമെല്ലാം സഹകരണത്തോടെ പ്രായോഗിനടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനിടയില്‍ കൊവിഡ് മഹാമാരി വന്നതിനാല്‍ ഈ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല’ കെകെ ശൈലജ പറഞ്ഞു.

സമൂഹത്തില്‍ ബോധപൂര്‍വ്വമായി നടത്തുന്ന ഇടപെടലിലുടെ മാത്രമെ സര്‍ക്കാര്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാവുകയുള്ളു എന്നും അവര്‍ പറഞ്ഞു.

അതേസമയം, ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും എല്ലാം നിശബ്ദമായി സഹിക്കുന്നത് ഉത്തമ സ്ത്രീയുടെ ലക്ഷണമാണെന്നും കരുതുന്ന സംവിധാനം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് പ്രായത്തിലുമുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് മാറ്റമുണ്ടാവണം. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Divya