ന്യൂഡൽഹി:
ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ യശ്വന്ത് സിൻഹ (തൃണമൂൽ), നീലോത്പൽ ബസു (സിപിഎം), ബിനോയ് വിശ്വം (സിപിഐ), സുശീൽ ഗുപ്ത (ആം ആദ്മി പാർട്ടി), മുൻ ജെഡിയു നേതാവ് പവൻ വർമ എന്നിവർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കു പുറമേ ഗാനരചയിതാവ് ജാവേദ് അക്തർ, ജസ്റ്റിസ് എപി ഷാ തുടങ്ങിയവരും പങ്കെടുത്തു.
യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ‘രാഷ്ട്ര മഞ്ച്’ എന്ന കൂട്ടായ്മയുടെ മേൽവിലാസത്തിൽ സംഘടിപ്പിച്ച യോഗം, മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നു നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ പേരിലല്ല, മറിച്ചു നേതാക്കളെ വ്യക്തിപരമായാണു യോഗത്തിലേക്കു ക്ഷണിച്ചത്. മനീഷ് തിവാരി ഉൾപ്പെടെ കോൺഗ്രസിലെ ഏതാനും പേർക്കും ക്ഷണമുണ്ടായിരുന്നെങ്കിലും അവർ പങ്കെടുത്തില്ല. ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, കർഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
മൂന്നാം മുന്നണി സംബന്ധിച്ച അഭ്യൂഹങ്ങൾ നേതാക്കൾ പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാൻ എൻസിപി, തൃണമൂൽ എന്നിവയുടെ നേതൃത്വത്തിൽ അണിയറ നീക്കം നടക്കുന്നുണ്ടെന്ന സൂചനകൾ ശക്തമാണ്. സോണിയയുടെ പിൻഗാമിയായി യുപിഎ അധ്യക്ഷ സ്ഥാനത്തേക്കു പവാറിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രതിപക്ഷ നിരയുടെ നേതാവായി അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള നീക്കവും സജീവം.
അതേസമയം, കോൺഗ്രസിനെ പൂർണമായി അകറ്റി നിർത്തിയുള്ള മുന്നണിക്കു രാജ്യവ്യാപകമായി ബിജെപിയെ ഒറ്റയ്ക്കു നേരിടാനാവില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് കൂടി ഉൾപ്പെട്ട മുന്നണിക്കു മാത്രമേ ബിജെപിയെ നേരിടാൻ സാധിക്കൂവെന്നു യോഗത്തിൽ പവാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയോടു പ്രതിപക്ഷ യോഗത്തെക്കുറിച്ചു ചോദ്യമുയർന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.